ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാലിലെ സംഘര്‍ഷത്തിലും അദാനി വിവാദത്തിലും പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും നടപടികൾ ഇന്നത്തേക്ക് നിർത്തിവച്ചു.
രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചതിന് പിന്നാലെ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി എംപിമാർക്കൊപ്പം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചിരുന്നു. ചോദ്യോത്തര വേളയിലും പ്രതിഷേധം കനത്തതോടെ സ്‌പീക്കർ ഓം ബിർള 12 മണി വരെ നടപടികൾ നിർത്തിവെച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. സഭയില്‍ പ്രതിപക്ഷം ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് അധ്യക്ഷനായിരുന്ന ദിലീപ് സൈകിയ ആവശ്യപ്പെട്ടു. പ്രതിഷേധം അയവില്ലാതെ തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.
ലോക്‌സഭയിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് സ്‌പീക്കർ ഓം ബിർള തള്ളി. വിവിധ പ്രതിപക്ഷ പാർട്ടികളുടെ 16 നോട്ടീസുകള്‍ രാജ്യസഭയില്‍ ചെയർമാൻ ജഗ്‌ദീപ് ധൻകറും തള്ളി.
അദാനിക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയ യുഎസ് കുറ്റപത്രം ചർച്ച ചെയ്യാൻ നവംബർ 25ന് ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ ആവശ്യപ്പെടുന്നുണ്ട്. ഇനി തിങ്കളാഴ്‌ച രാവിലെയാണ് ഇരു സഭകളും ചേരുക.