ചെന്നൈ : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്ത്. ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കോയമ്പത്തൂരിലാണ് മത്സരിക്കുന്നത്. തെലങ്കാന മുന്‍ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദക്ഷിണ ചെന്നൈയിലും മത്സരിക്കും. കേന്ദ്ര സഹമന്ത്രി എൽ മുരുകൻ നീലഗിരി മണ്ഡലത്തിൽ മത്സരിക്കും.
തമിഴ്‌നാട് നിയമസഭയിലെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ തിരുനെൽവേലി മണ്ഡലത്തിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണൻ കന്യാകുമാരിയിലാണ് മത്സരിക്കുന്നത്. വെല്ലൂർ പാർലമെന്‍റ് മണ്ഡലത്തിൽ എ സി ഷൺമുഖം, സെൻട്രൽ ചെന്നൈ മണ്ഡലത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം, കൃഷ്‌ണഗിരിയിൽ നരസിംഹൻ, പെരമ്പലൂർ മണ്ഡലത്തിൽ പരിവേന്ദർ എന്നിവരും മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു.
തമിഴ്‌നാട്ടില്‍ ആകെയുള്ള 24 മണ്ഡലങ്ങളിൽ 20 മണ്ഡലങ്ങളിലും ബിജെപിയും നാല് മണ്ഡലങ്ങളില്‍ സഖ്യകക്ഷികളും മത്സരിക്കുമെന്ന് ഇന്ന് (21-03-2024) രാവിലെ മാധ്യമങ്ങളെ കണ്ട അണ്ണാമലൈ പറഞ്ഞിരുന്നു. പിഎംകെക്ക് 10 സീറ്റും ജി കെ വാസന്‍റെ തമിഴ് മാനില കോൺഗ്രസിന് മൂന്ന് സീറ്റും നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കെ മുൻ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റെ നേതൃത്വത്തിലുള്ള ടീമിന് സീറ്റ് നൽകുമോ എന്നത് സംശയമാണ്.
Also Read : ഡിഎംകെയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റുകളിൽ ധാരണ; കോൺഗ്രസിന് 9 സീറ്റുകൾ, 21 ഇടത്ത് ഡിഎംകെ