ജയ്‌പൂർ : രാജ്യസഭയിലേക്കുള്ള മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയിൽ എതിർപ്പറിയിച്ച് ബിജെപി. ഇത്തവണ രാജസ്ഥനിൽ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനയ്ക്ക് മുൻപ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ബി ജെ പി എതിർപ്പ് അറിയിച്ച് പരാതി സമർപ്പിച്ചിരുന്നു. എന്നാൽ നാമനിർദ്ദേശ പത്രികകൾ വെള്ളിയാഴ്‌ച പരിശോധിച്ചത്തിനുശേഷം സോണിയ ഗാന്ധിക്ക് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ.
മൂന്ന് രാജ്യസഭ സീറ്റിലേക്ക് മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ബി ജെ പിയിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികളും കോൺഗ്രസിൽ നിന്ന് ഒരു സ്ഥാനാർത്ഥിയുമാണുള്ളത്. ഫെബ്രുവരി 20 വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അന്ന് തന്നെ ഔദ്യോഗികഫല പ്രഖ്യാപനവും ഉണ്ടായിരിക്കും.
ബിജെപി സ്ഥാനാർഥിയായ ചുന്നിലാൽ ഗരാസിയയുടെ തെരഞ്ഞെടുപ്പ് ഏജൻ്റായ അഭിഭാഷകൻ യോഗേന്ദ്ര സിംഗ് തൻവാർ ആണ് സോണിയാഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി നൽകിയത്. ഇ മെയിൽ വഴിയായിരുന്നു ഇദ്ദേഹം പരാതി കൈമാറിയത്. എന്നാൽ സൂക്ഷ്‌മ പരിശോധന നടക്കുമ്പോൾ അദ്ദേഹം നേരിട്ടെത്തി എതിർപ്പ് അറിയിക്കുകയും ചെയ്‌തിരുന്നു. സോണിയ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇറ്റലിയിലെ തൻ്റെ പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് തൻവാറിന്‍റെ ആരോപണം.
നിയമ പ്രകാരം സ്വന്തമായി എവിടെയെങ്കിലും സ്വത്തുക്കളോ വസ്‌തുക്കളോ ഉണ്ടെങ്കില്‍ അതിന്‍റെ കൃത്യമായ കണക്കുവിവരങ്ങൾ നൽകേണ്ടതാണ്. ഇറ്റലിയിൽ പൂർവിക സ്വത്ത് ഉള്ളതായി സോണിയ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ സത്യവാങ്മൂലത്തിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പൂർണമല്ലെന്നും അദ്ദേഹം ആരോപിച്ചു. ചട്ടപ്രകാരം സ്വത്ത് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നൽകിയില്ലെങ്കിൽ സോണിയ ഗാന്ധിയുടെ നാമനിർദേശ പത്രിക തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ പരിശോധിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി മദൻ റാത്തോഡ് പറഞ്ഞു. മൂന്നുസ്ഥാനാർത്ഥികളും യോഗ്യരാണ്. ചട്ടപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുകയും ഔദ്യോഗികമായി നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് വോട്ടെടുപ്പിന് ശേഷം വിജയം പ്രഖ്യാപിക്കുകയും ചെയ്യും. സോണിയ ഗാന്ധി തന്‍റെ സ്വത്ത് സംബന്ധിച്ച് പൂർണ വിവരണങ്ങൾ നൽകിയിട്ടില്ലെന്നും റാത്തോഡ് ആരോപിച്ചു.