ദുംക(ഝാര്‍ഖണ്ഡ്): വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ട് ഒരുങ്ങിയിരിക്കുന്ന പ്രതിപക്ഷ ഐക്യനിരയെ തകര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് വൃന്ദാകാരാട്ട്. അവര്‍ക്ക് അവരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു എന്നതിന്‍റെ തെളിവാണ് ഇതെന്നും വൃന്ദ ചൂണ്ടിക്കാട്ടി. എന്നാല്‍ അധികാരത്തില്‍ തിരിച്ചെത്തുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു(BJP lacks faith in itself).
ഇക്കൊല്ലം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നാനൂറിലേറെ സീറ്റുകള്‍ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മവിശ്വാസം എന്ത് കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. അതിന് മുമ്പ് തന്നെ പ്രതിപക്ഷ ഐക്യനിര തകര്‍ക്കാന്‍ പല തന്ത്രങ്ങളുമായി ബിജെപി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷത്തെ തകര്‍ക്കാര്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. ഝാര്‍ഖണ്ഡിലെ ദുംകയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ(senior CPI(M) leader Brinda Karat).
പ്രതിപക്ഷ നേതാക്കളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇതിന് വഴങ്ങാത്തവരെ ഇഡിയെയും സിബിഐയെയും ആദായനികുതി വകുപ്പിനെയും കാട്ടി ഭീഷണിപ്പെടുത്തുന്നു. ജനാധിപത്യ മര്യാദകളെല്ലാം കാറ്റില്‍ പറത്തി പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലില്‍ അടയ്ക്കുന്നു. ഭരണഘടനയെ ബിജെപി തീവ്രപരിചരണ വിഭാഗത്തിലാക്കിയിരിക്കുന്നു. ഭരണഘടനയെയും രാജ്യത്തെയും രക്ഷിക്കേണ്ടത് ഈ രാജ്യത്തെ പൊതു ജനങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും ഉത്തരവാദിത്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സഖ്യകക്ഷികളായി മത്സരിച്ചാല്‍ നമുക്ക് ഗുണമുണ്ടാകും. എന്നാല്‍ നമുക്ക് മതിയായ പ്രാതിനിധ്യമില്ലാതെ വരുന്ന അവസ്ഥ ഉണ്ടാകരുത്. കേരളമടക്കം രാജ്യത്ത് ശക്തമായ അടിത്തറയുള്ള ഇടങ്ങളിലെല്ലാം ഇടതുപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കണം(Election 2024).
ഝാര്‍ഖണ്ഡില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ നമുക്ക് ഒരു ഐക്യനിരയുണ്ടാക്കാന്‍ ഇവിടെ സാധിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഝാര്‍ഖണ്ഡില്‍ ശക്തമായ അടിത്തറയുള്ള ചില സീറ്റുകളില്‍ സിപിഐയും സിപിഎമ്മും സ ിപിഐഎല്ലും നമ്മുടെ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കണം. പ്രതിപക്ഷ ഐക്യത്തിന് കോട്ടം തട്ടാതെയാകണം ഇത്. സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ജെഎംഎമ്മിന്‍റെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വന്ന് സമാനമനസ്‌കരുമായ മറ്റ് മതേതരകക്ഷികളുമായി ചര്‍ച്ച ചെയ്യുകയും ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വേണം.
പശ്ചിമബംഗാളിലെ സന്ദേഷ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്ന് വൃന്ദ ആരോപിച്ചു. താന്‍ കഴിഞ്ഞാഴ്ച അവിടെ സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുകയും സ്‌ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. ഇത് ഗുണ്ടകളുടെ ചെയ്തികളാണെന്ന് നാട്ടുകാരായ സ്‌ത്രീകള്‍ പോലും പറയുമ്പോള്‍ ബിജെപി ഇതിന് വര്‍ഗീയതയുടെ നിറം നല്‍കാനാണ് ശ്രമിക്കുന്നത്. ഈ സംഘങ്ങളിലെ പ്രമുഖ നേതാക്കള്‍ ചിലപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാകാം. എന്നാല്‍ അവരുടെ അനുയായികളില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുള്ളവരും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ലിംഗനീതിയും വികസനവും കേരളത്തില്‍, ഇവിടെ ജനിച്ചിരുന്നെങ്കില്‍...; ആഗ്രഹം പങ്കുവച്ച് ബൃന്ദ കാരാട്ട്