ചാമരാജനഗര്‍ (കര്‍ണാടക) : ചാമരാജനഗര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി ബിജെപി രംഗത്ത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണ വേളയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് സുനില്‍ ബോസിനെതിരെ ബിജെപി ഉയര്‍ത്തിയിരിക്കുന്ന ആരോപണം.
ബിെജപി മുന്‍ ജില്ല അധ്യക്ഷന്‍ നാരായണ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബോസിനെതിരെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. എച്ച് സി മഹാദേവപ്പയുടെ മകനും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വലം കയ്യുമാണ് ബോസ്. ഇദ്ദേഹത്തിന്‍റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നാണ് ബിജെപി പ്രതിനിധി സംഘത്തിന്‍റെ ആവശ്യം.
അദ്ദേഹത്തിന്‍റെ വൈവാഹിക ജീവിതത്തെയും കുട്ടികളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ബിജെപിയുടെ ആരോപണം. ഭാര്യയുടെയും മക്കളുടെയും മാതാപിതാക്കളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലും ഇദ്ദേഹത്തിന് വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ട് തന്നെ സുനില്‍ ബോസ് നല്‍കിയ സത്യവാങ്മൂലം അസാധുവാണെന്നും ബിജെപി വ്യക്തമാക്കുന്നുണ്ട്. സുനില്‍ ബോസും ഭാര്യയും കുട്ടികളും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. സുനില്‍ ബോസിന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പരാതി നല്‍കിയിട്ടുള്ളതെന്നും ബിജെപി വ്യക്തമാക്കി.
28 ലോക്‌സഭ സീറ്റുകളുള്ള കര്‍ണാടകയില്‍ ഏപ്രില്‍ 26നും മെയ് ഏഴിനും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 2019ല്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നാണ് ബിജെപിക്കെതിരെ മത്സരിച്ചത്. ബിജെപി 25 സീറ്റുകളും സ്വന്തമാക്കി. കോണ്‍ഗ്രസ്-ജെഡിഎസ് ഓരോ സീറ്റുകള്‍ വീതം നേടി.
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പതിനേഴ് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഒന്‍പതും ജനതാദള്‍ സെക്യുലര്‍ രണ്ട് സീറ്റുകളും നേടി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഈമാസം 19ന് ആരംഭിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.