അയോധ്യ (ഉത്തർപ്രദേശ്): ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം കൊയ്യുമെന്ന് അയോധ്യയിലെ സിറ്റിങ് എംപിയും ബിജെപി സ്ഥാനാർഥിയുമായ ലല്ലു സിങ്. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനാണ് വോട്ടര്‍മാരുടെ ശ്രമമെന്നും വികസിത ഭാരതത്തിനായാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലല്ലു സിങ്.
അയോധ്യയുടെ വികസനത്തിനും കൂടിയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണക്കുന്നത്. അയോധ്യയുടെ വികസനത്തിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമായി അയോധ്യ മാറുമെന്നും ലല്ലു സിങ് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം സാധാരണക്കാരുടെ ക്ഷേമത്തിനായി ചിന്തിച്ച ഒരേയൊരു വ്യക്തി പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പകരമായി പ്രധാനമന്ത്രിക്ക് ജനങ്ങളിൽ നിന്ന് വലിയ സ്‌നേഹവും ലഭിച്ചിട്ടുണ്ട്.
അതേസമയം കനത്ത സുരക്ഷ ക്രമീകരണങ്ങളൊരുക്കിയാണ് അഞ്ചാംഘട്ട വോട്ടെടുപ്പിന് ഇന്ന് (മെയ് 20) തുടക്കമായത്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അവസാന സമയം വരെ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടുചെയ്യാൻ അനുമതിയുണ്ട്.
അഞ്ചാംഘട്ടത്തിൽ വിവിധ മണ്ഡലങ്ങളിലായി കടുത്ത മത്സരമാണ് നടക്കുന്നത്. രാഹുൽ ഗാന്ധി, ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, സ്‌മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, പിയൂഷ് ഗോയൽ, ഉജ്ജ്വല് നികം, കരൺ ഭൂഷൺ സിങ്, എൽജെപി (രാംവിലാസ്) തലവൻ ചിരാഗ് പാസ്വാൻ, ജെകെഎൻസി മേധാവി ഒമർ അബ്‌ദുള്ള, ആർജെഡി നേതാവ് രോഹിണി ആചാര്യ തുടങ്ങിയ നേതാക്കളാണ് അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) അവധേഷ് പ്രസാദിനെതിരെയാണ് അയോധ്യയിൽ ബിജെപി എംപി ലല്ലു സിങ് മത്സരിക്കുന്നത്. ബിജെപിക്കായി മൂന്നാം തവണയും അധികാരത്തിലേറാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അവധേഷ് പ്രസാദിന് പുറമെ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്‌പി) സച്ചിദാനന്ദ് പാണ്ഡെയും അയോധ്യയിൽ മത്സര രംഗത്തുണ്ട്.
ഫൈസാബാദ്/അയോധ്യ ലോക്‌സഭ മണ്ഡലത്തിൽ അഞ്ച് അസംബ്ലി മണ്ഡലങ്ങളാണുള്ളത്. അയോധ്യ, ബികാപൂർ, മിൽകിപൂർ, റുഡൗലി, ദരിയാബാദ് (ബാരാബങ്കി) എന്നിവയാണ് ഈ മണ്ഡലങ്ങൾ. 2018 നവംബറിലാണ് യോഗി മന്ത്രിസഭ ഫൈസാബാദ് ജില്ലയെ ഔദ്യോഗികമായി അയോധ്യ എന്ന് പുനർനാമകരണം ചെയ്‌തത്.
ALSO READ: 'എൻ്റെ ഇന്ത്യ വികസിക്കണമെന്ന് ആഗ്രഹിക്കുന്നു'; മുംബൈയിൽ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാർ