ന്യൂഡൽഹി : വാക്‌സിനുകളിൽ ഇന്ത്യയാണ് ലോകനേതാവെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ്റെ സഹ ചെയർമാന്‍ ബിൽ ഗേറ്റ്‌സ് (Bill Gates). വാക്‌സിനുകളിലും ഡിജിറ്റല്‍ വളര്‍ച്ചയിലും ലോക നേതാവെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം വലുതാണ്. പുതിയ വാക്‌സിനുകൾക്കായി രാജ്യത്ത് നിക്ഷേപം നടക്കുന്നതും, വാര്‍ത്ത ഏജൻസിയായ എഎൻഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് പരാമര്‍ശിച്ചു.
പല പ്രധാന മേഖലകളിലും ഇന്ത്യയുടെ പുരോഗതി നിരക്ക് ഏറെ ശക്തമാണ്. ഡിജിറ്റലായി ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും ആധാര്‍ ബന്ധിപ്പിക്കലും അടക്കമുള്ളവ ഇന്ത്യയില്‍ തഴച്ചുവളരുന്നു. കർഷകരെ കുറിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റർ ചെയ്യുകയും അവർക്ക് മുൻകൂട്ടി അറിയിപ്പുകള്‍ നൽകുകയും ചെയ്യുന്നു. ഇത് കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ നിരവധി അദ്ഭുതകരമായ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഈ മേഖലയിൽ നിരവധി നേതൃത്വ പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയ്ക്കാവും. ഈ നേതൃത്വം മറ്റ് രാജ്യങ്ങൾ പ്രയോജനപ്പെടുത്തേണ്ട ഒന്നാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ജി 20 ഉച്ചകോടിയിൽ ഇന്ത്യ കാണിച്ച സന്നദ്ധതയെയും ബില്‍ ഗേറ്റ്സ് പ്രശംസിച്ചു (Bill Gates About India).
കൊവിഡ് കാലത്ത് വാക്‌സിൻ ഉത്പാദനം വർധിപ്പിച്ചതിലെ ഇന്ത്യന്‍ മികവിനെക്കുറിച്ച് ബിൽ ഗേറ്റ്സ് എടുത്തുപറഞ്ഞു. ഏത് നിർമ്മാതാക്കൾക്കും ആസ്ട്രാസെനക (AstraZeneca) വാക്‌സിൻ ലഭ്യമാണ്. വാസ്‌തവത്തിൽ, 300 ദശലക്ഷം ഡോളർ ഉപയോഗിച്ച് സെറമിന് ഫണ്ട് നൽകിയത് ഏറെ ശ്രദ്ധേയമാണ്. ആ തുക ഉപയോഗിച്ച് അവർ പലതും ചെയ്‌തു.
ആസ്ട്രാസെനക വാക്‌സിൻ വളരെ വേഗത്തിൽ അവര്‍ ഉത്പാദിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി. പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയും ഒരുമിച്ച് മാതൃകാപരമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യാനിയന്ത്രണവുമായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് ബന്ധമില്ലെന്നും തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"കുടുംബാസൂത്രണം സ്ത്രീകൾ തീരുമാനിക്കണം. ജനസംഖ്യാനിയന്ത്രണം, താഴ്ന്ന ജനനനിരക്ക്, ലിംഗനീതി, സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ, സ്ത്രീകളുടെ ആരോഗ്യം എന്നിവയെല്ലാം അവര്‍ക്ക് തെരഞ്ഞെടുക്കാൻ കഴിയണം. അവർക്ക് ധാരാളം കുട്ടികളാണോ അതോ നല്ല ജോലിയാണോ വേണ്ടത്?. രാജ്യങ്ങൾ സമ്പന്നമാകുന്നത് പലതിനെയും അടിസ്ഥാനപ്പെടുത്തിയാണ്. ഒരു വിഭാഗത്തിന് കുറച്ച് കുട്ടികളെ മതി എന്നാണ്. കാരണം ആ തീരുമാനം അവരെ തൊഴിൽ മേഖലയില്‍ കൂടുതൽ നിലനില്‍ക്കാന്‍ സഹായിക്കുന്നു' - ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് സഹായിച്ച ഇന്ത്യയുടെ വാക്‌സിനേഷൻ സംരംഭങ്ങളെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു. "അവർ ധാരാളം പുതിയ വാക്‌സിനുകൾ സ്വീകരിച്ചു, രാജ്യത്തെ എല്ലാ കുട്ടികൾക്കും അവ എത്തിക്കാൻ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ചു. അതിനാൽ തന്നെ അഞ്ചിൽ താഴെയുള്ള മരണനിരക്ക് ഈ നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്നായി ചുരുങ്ങി. വാക്‌സിനുകളുടെ പ്രവർത്തനം ഇന്ത്യ കൈവരിച്ച പുരോഗതിയുടെ ഏറ്റവും വലിയ ഭാഗമാണ്'' - അദ്ദേഹം പറഞ്ഞു.