പട്‌ന : ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പായും ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അടുത്ത വിശ്വസ്‌തന്‍ വിജയ് കുമാര്‍ ചൗധരി. "ഭയപ്പെടുന്ന വിരോധികളുടെ ദുരുദ്ദേശ്യങ്ങളെ" പരാജയപ്പെടുത്തിയാകും വിജയമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം (Bihar Floor Test). ഫെബ്രുവരി 12നാണ് നിയമസഭയില്‍ വിശ്വാസവോട്ട്. 'എൻഡിഎ സർക്കാർ അനായാസം വിശ്വാസ വോട്ട് നേടും, അത് തങ്ങളെ സംബന്ധിച്ച് വളരെ ലളിതമാണ്, ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്' - പുതിയ മന്ത്രിസഭയില്‍ നിലനിർത്തപ്പെട്ട മുതിർന്ന ജെഡിയു നേതാവ് പറഞ്ഞു.
'എൻഡിഎയെ ഭയക്കുന്നവരാണ് വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തുന്നത്. എൻഡിഎ സർക്കാർ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഞാൻ പറയുന്നത് സത്യസന്ധമായാണ്"- വിജയ് കുമാർ ചൗധരി പറഞ്ഞു. 1982 മുതൽ ബിഹാർ അസംബ്ലി അംഗമാണ് വിജയ് കുമാർ ചൗധരി, നിലവിൽ പാർലമെന്‍ററി കാര്യം ഉൾപ്പടെ ആറ് വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.
"വിശ്വാസ വോട്ട് തേടല്‍ എന്നത് അടിസ്ഥാനപരമായി നമ്പർ ഗെയിമാണ്. ഞങ്ങൾക്ക് മതിയായ അക്കങ്ങളുണ്ട്. ഗെയിമിനെക്കുറിച്ച് സംസാരിക്കുന്നവർക്ക് കാണിക്കാൻ ഒന്നുമില്ല. അക്കങ്ങള്‍ സംബന്ധിച്ച അവരുടെ അവകാശവാദങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്" - അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത് ഫെബ്രുവരി 12നാണ്. അന്നുതന്നെയാണ് വിശ്വാസ വോട്ട്. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് 128 അംഗങ്ങളുടെ പിന്‍തുണയുണ്ട്. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 അംഗങ്ങളുടെ പിന്തുണയാണ്. ജെഡിയു പുറത്തായതോടെ മഹാസഖ്യത്തിന്‍റെ അംഗബലം 114 ആയി കുറഞ്ഞു. എഐഎംഐഎമ്മിലെ ഒരാൾ സഖ്യത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.
അതേസമയം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്‌ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും വിജയ് കുമാര്‍ ചൗധരി അറിയിച്ചിട്ടുണ്ട്. ബിഹാറിലെ എന്‍ഡിഎ മുഖ്യമന്ത്രിയായ ശേഷം, ദേശീയ തലസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ ആദ്യ യാത്രയും മോദിയുമായുള്ള പ്രഥമ കൂടിക്കാഴ്‌ചയുമാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായും നിതീഷ് കുമാർ കൂടിക്കാഴ്‌ച നടത്താനിടയുണ്ട്. ബിജെപിയുടെ ഉന്നത നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തെ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായേക്കുമെന്ന് ജെഡിയു വൃത്തങ്ങൾ അറിയിച്ചു. ബിജെപിയിൽ നിന്നുള്ള ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും, വിജയ് കുമാർ സിൻഹയും തിങ്കളാഴ്‌ച പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.