പട്‌ന : ഇന്ത്യ മുന്നണിയില്‍ നിന്നും എന്‍ഡിഎയിലേക്ക് കളം മാറാനൊരുങ്ങുന്ന ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. രാവിലെ നടക്കുന്ന എന്‍ഡിഎ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്ത ശേഷം നിതീഷ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, വൈകുന്നേരം ബിജെപി പിന്തുണയോടെ എന്‍ഡിഎ മുഖ്യമന്ത്രിയായി അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനം ഏറ്റെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഇന്ന് ബിഹാറിലേക്ക് എത്തുന്നുണ്ട്. പശ്ചിമബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയാണ് ബിഹാറിലേക്ക് അമിത് ഷായുടെ വരവ്. ബിഹാറിലേക്കുള്ള ഇരുവരുടെയും വരവ് നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണോ എന്നുള്ള കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
ജെഡിയു നിയമസഭാ കക്ഷിയോഗവും ബിഹാറില്‍ ഇന്ന് ചേരുന്നുണ്ട്. ഇതിന് പിന്നാലെയാണ് എന്‍ഡിഎയുടെ യോഗം. മുഖ്യമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ജെഡിയു ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.
രാവിലെ പത്തരയോടെയാകും നിതീഷ് രാജിക്കത്ത് കൈമാറാനായി രാജ്‌ഭവനിലേക്ക് എത്തുക. പിന്നാലെ, എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന കത്തും നല്‍കിയാകും അദ്ദേഹം മടങ്ങുക. അതേസമയം, നിതീഷിന്‍റെ മുന്നണിമാറ്റ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ജെഡി കഴിഞ്ഞ ദിവസം ബിഹാറില്‍ യോഗം ചേര്‍ന്നിരുന്നു.
മുന്നണിമാറ്റ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമായിട്ടും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നിതീഷ് കുമാറിനെ പ്രശംസിക്കുന്ന രീതിയിലാണ് യോഗത്തില്‍ സംസാരിച്ചതെന്നാണ് വിവരം. നിതീഷുമായി സംസാരിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശ്രമം നടത്തിയിരുന്നെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കി.