ബെംഗളൂരു : എട്ട് വയസുള്ള കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കന്നഡ ബിഗ് ബോസ് താരം സോനു ശ്രീനിവാസ ഗൗഡ അറസ്‌റ്റില്‍. സോനു ദത്തെടുക്കൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും നടപടികളില്‍ കൃത്രിമം കാണിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസും ബ്യാദരഹള്ളിയിലെ ലോക്കൽ പൊലീസും ചേർന്ന് താരത്തിനെ കസ്റ്റഡിയിലെടുത്തത്. താരം കുട്ടിയെ ദത്തെടുത്തത് പ്രശസ്‌തിക്ക് വേണ്ടിയാണെന്ന് പരാതി ലഭിച്ചിരുന്നു.
വനിത ശിശുക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ തുടര്‍ന്നാണ് സോനുവിനെ അറസ്റ്റ് ചെയ്‌തതെന്ന് വെസ്റ്റ് ഡിവിഷൻ ഡിസിപി എസ് ഗിരീഷ് വിശദീകരിച്ചു. 'സോനു 8 വയസ്സ് പ്രായമുള്ള ഒരു കുട്ടിയെ റായ്‌ച്ചൂരില്‍ നിന്ന് അനധികൃതമായി ദത്തെടുത്തു എന്ന് കാണിച്ച് വനിത ശിശുക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു. അവർ കുട്ടിയെ ഉപയോഗിച്ച് സോഷ്യൽ മീഡിയ റീലുകൾ ഉണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. ഈ പരാതിയെ തുടര്‍ന്നാണ് ഞങ്ങൾ അറസ്റ്റ് ചെയ്‌തത്'-ഡിസിപി എസ് ഗിരീഷ് പറഞ്ഞു. ദത്തെടുക്കൽ നടപടികളെയും സോനുവിന്‍റെ ഉദ്ദേശ ശുദ്ധിയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. ഹിന്ദു ദത്തെടുക്കൽ നിയമം അനുസരിച്ച്, ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ നിശ്ചിത പ്രായ വ്യത്യാസം ഉണ്ടായിരിക്കണം.
അതേസമയം, ദത്തെടുക്കല്‍ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നുമാണ് സോനു പറയുന്നത്. കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണവും ദത്തെടുത്തതിന്‍റെ നടപടി ക്രമങ്ങളും ഇതിന്‍റെ വിശദാംശങ്ങളും സോനു പങ്കുവച്ചു.
മാർച്ച് 2 ന് ആണ് റായ്ച്ചൂരിൽ നിന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാന്‍ പോകുന്നു എന്നുപറഞ്ഞ് സോനു വീഡിയോ പങ്കുവച്ചത്. കുട്ടിയുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന തരത്തില്‍, വിവിധ സൗകര്യങ്ങൾ കുട്ടിയുടെ കുടുംബത്തിന് നൽകുന്നതിനെക്കുറിച്ചും സോനു വീഡിയോയില്‍ പരാമർശിക്കുന്നുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തിന് യോഗ്യയായ കുട്ടിയെ മാർച്ചിൽ സ്‌കൂളിൽ ചേര്‍ത്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് സോനുവിനെതിരെ പരാതി നൽകിയത്. സംഭവത്തില്‍ സോനുവിനോട് പൊലീസ് വിശദീകരണം തേടി. കുട്ടിയെ സർക്കാർ അനാഥാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.