പട്‌ന: ബിഹാറിലെ ഭാരത് ജോഡോ ന്യായ് യാത്രയും (Bharat Jodo Nyay Yatra) മറ്റ് പാർട്ടി പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ (Bhupesh Baghel) മുതിർന്ന നിരീക്ഷകനായി നിയമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് സംബന്ധിച്ച പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താക്കുറിപ്പ് പുറത്തിറക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ (Nitish Kumar) മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ രൂക്ഷമായിരിക്കെയാണിത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ചർച്ചയ്ക്കായി ബിജെപി സംസ്ഥാനത്തെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എൻഡിഎ) ചേർന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഈ യോഗം എന്നതും പ്രത്യേകതയാണ്. മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി ഉൾപ്പെടെ നിരവധി എൻഡിഎ നേതാക്കൾ ജെഡിയുവും ആർജെഡിയും തമ്മിലുള്ള സഖ്യം തകരുമെന്ന് സൂചിപ്പിച്ചിരുന്നു.
2022ലാണ് നിതീഷ് കുമാർ എൻഡിഎ സഖ്യം വിട്ട് മഹാഗഡ്ബന്ധനിൽ ചേർന്നത്. ദേശീയ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയെയും സംയുക്തമായി നേരിടാൻ എല്ലാ പ്രതിപക്ഷ ശക്തികളെയും ഒന്നിപ്പിക്കാനുള്ള മുൻകൈ എടുത്തവരിൽ നിതീഷ് കുമാർ ഉണ്ടായിരുന്നു. പാട്‌നയിൽ പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗത്തിന് അദ്ദേഹം ആതിഥേയത്വം വഹിക്കുകയും ചെയ്‌തിരുന്നു.
സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്‌ച നിതീഷ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ രൂക്ഷമായത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബിജെപി പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തിയതോടെ അഭ്യൂഹങ്ങൾക്ക് ആക്കം കൂടുകയായിരുന്നു. ഇതിനിടെ ജെഡിയു സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെയും നിതീഷ് രൂക്ഷ വിമര്‍ശനമുയര്‍ത്തി.