ഭോപ്പാൽ: മാലിന്യകൂമ്പാരത്തിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. നദീം ഉദ്ദീൻ (26) ആണ് പിടിയിലായത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംശയരോഗത്തെ തുടർന്ന് നദീം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് മാലിന്യകൂമ്പാരത്തിൽ കുഴിച്ച് മൂടുകയായിരുന്നു. ഭോപ്പാലിലെ മുരളി നഗർ സ്വദേശിയായ സാനിയ(22) ആണ് മരിച്ചത്.
കൊല്ലപ്പെട്ട 22-കാരിയുടെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയതായി നിഷത്പുര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്‌ടർ എംഡി അഹിർവാർ പറഞ്ഞു. മൃതദേഹം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർത്താവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സാനിയ തന്‍റെ മാതാപിതാക്കളോടൊപ്പം മുരളി നഗറിലാണ് താമസിച്ചിരുന്നത്. മെയ് 21-ന് യുവതിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നിഷത്പുര പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
തൻ്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മെയ് 21-ന് ഭാര്യയെ മൊബൈൽ ഫോണിൽ വിളിച്ച് പ്രതി തന്നെ കാണാൻ വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഓട്ടോറിക്ഷയിൽ കയറ്റി മൃതദേഹം 2 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കുഴിച്ച് മൂടുകയായിരുന്നു. മാലിന്യകൂമ്പാരത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്.
Also Read: ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തി: 5 പേർ പിടിയിൽ