ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 285 പ്രകാരം ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ഫുട്ട് ഓവർ ബ്രിഡ്‌ജിനടിയിൽ തടസം സൃഷ്‌ടിച്ച് കച്ചവടം നടത്തിയ തെരുവ് കച്ചവടക്കാരനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
ബിഹാര്‍ ബർഹ് സ്വദേശിയായ പങ്കജ് കുമാറിനെതിരെയാണ് കേസ്. പ്രതിയായ പങ്കജ് പ്രധാന റോഡിന് സമീപം ഉന്തുവണ്ടിയിൽ പുകയിലയും വെള്ളവും വിൽക്കുന്നത് യാത്രക്കാർക്ക് തടസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പൊലീസ് എഫ്ഐആറിൽ പരാമർശിച്ചു. ആ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് പ്രതിയോട് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു. ഇക്കാരണാത്താലാണ് പങ്കജിനെതിരെ ഭാരതീയ ന്യായ് സംഹിത പ്രകാരം കേസെടുത്തത്.