ധൻബാദ്: രാജ്യത്തെ ഒരുമിപ്പിക്കാനും, ബിജെപിയും ആർഎസ്എസും പടർത്തുന്ന വിദ്വേഷത്തിനും അക്രമത്തിനെതിരെയുമാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്രയില്‍ നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചെന്നും ജാർഖണ്ഡിലെ ധൻബാദിലെ പൊതുസമ്മേളനത്തിൽ രാഹുല്‍ പറഞ്ഞു (Bharat Jodo Nyay Yatra In Dhanbad).
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുവേണ്ടി ധൻബാദിലെ ജനങ്ങള്‍ സഹിച്ച ത്യാഗത്തിന് നന്ദി രേഖപ്പെടുത്തിയ രാഹുൽ നേരത്തെ കന്യാകുമാരി മുതൽ കാശ്‌മീർ വരെ നടത്തിയ ആദ്യ ഭാരത് ജോഡോ യാത്രയുടെ വിജയത്തെപ്പറ്റിയും സംസാരിച്ചു.
“രാജ്യത്ത് പടർന്ന വിദ്വേഷത്തിൻ്റെ വിപണിയിൽ സ്നേഹത്തിൻ്റെ കട തുറക്കാൻ പാർട്ടി ആഗ്രഹിക്കുന്നു. ഇത്തവണ മണിപ്പൂരിൽ നിന്ന് മഹാരാഷ്ട്രയിലേക്കാണ് യാത്ര. ഇത്തവണ ഞങ്ങൾ യാത്രയിൽ "നീതി" എന്ന വാക്ക് ചേർത്തു. രാജ്യത്ത് നടക്കുന്ന സാമ്പത്തിക അനീതിയാണ് ഇതിന് പ്രധാന കാരണം. രണ്ടാമത്തെ കാരണം ജിഎസ്‌ടിയും നോട്ട് നിരോധനവുമാണ്. ഇതു രണ്ടും കാരണം രാജ്യത്ത് തൊഴിലില്ലായ്‌മ വർധിച്ചു. ബിജെപി സർക്കാർ യുവാക്കളുടെ ഭാവി തകർത്തു ഈ വിഷയങ്ങൾക്കെല്ലാം എതിരെയാണ് ഈ യാത്ര." രാഹുൽ പറഞ്ഞു.
തുണ്ടിയിലെ ഹൽക്കട്ടയിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച യാത്ര ഗോവിന്ദ്പൂർ ലാൽ ബസാർ ചൗക്ക്, സരൈധേല രഘുകുൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോയി. നിറഞ്ഞ ജനക്കൂട്ടമാണ് മിക്കയിടങ്ങളിലും യാത്രെയെ വരവേല്‍ക്കാനെത്തിയത്. ഗോവിന്ദ്പൂർ ബഡാ ബസാറിൽ, പുഷ്‌പവൃഷ്‌ടിയുമായാണ് പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. പോലീസ് ലൈൻ, രൺധീർ വർമ ചൗക്ക്, കോടതി സമുച്ചയം, അംബേദ്‌കർ ചൗക്ക്, പൂജ ടാക്കീസ് വഴി നീങ്ങിയ യാത്ര നയാ ബസാറിൽ സമാപിച്ചു (Bharat Jodo Nyay Yatra In Jharkhand).
Also Read: വീഴ്‌ത്താന്‍ ബിജെപിയുടെ ശ്രമം, ജാര്‍ഖണ്ഡ് സര്‍ക്കാരിനെ രക്ഷിച്ചത് ഇന്ത്യ മുന്നണി; രാഹുല്‍ ഗാന്ധി
ജീപ്പിൽ വിദ്യാർത്ഥിനിയ്‌ക്കൊപ്പം യാത്ര: യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ആർ സി പർവീൺ എന്ന വിദ്യാർത്ഥിനിയെ തന്നോടൊപ്പം ജീപ്പിൽ കയറ്റാൻ ക്ഷണിച്ചു. അവളുടെ വസ്ത്രത്തിലെ പൊടി വൃത്തിയാക്കിയ രാഹുൽ പർവീണിന്‍റെ പഠനത്തെക്കുറിച്ച് തിരക്കി. പർവീൺ അദ്ദേഹത്തോടൊപ്പം ഒരു സെൽഫിയും എടുത്തു.
- " class="align-text-top noRightClick twitterSection" data="">
കൽക്കരി തൊഴിലാളികളെ കണ്ടു: ന്യായ് യാത്രം ഗോധർ കാലി ബസ്‌തിയിലെത്തിയപ്പോള്‍ പ്രദേശത്തെ കൽക്കരി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായും രാഹുൽ ഗാന്ധി സംസാരിച്ചു. മോദി സർക്കാർ അവരുടെ വർത്തമാനത്തെയും ഭാവിയെയും നിസ്സഹായതയുടെ അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുന്നതായി രാഹുൽ പിന്നീട് എക്‌സിൽ കുറിച്ചു.
"ഇവർക്ക് സ്ഥിരമായ ജോലിയോ വരുമാനത്തിന് ഗ്യാരണ്ടിയോ ഇല്ല, ഒരു കേന്ദ്ര സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മോദി സർക്കാർ അവരുടെ വർത്തമാനത്തെയും ഭാവിയെയും നിസ്സഹായതയുടെ അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു എന്നാണ് അവരുടെ മുഖത്ത് എഴുതിയിരിക്കുന്നത്." എക്‌സിലെ പോസ്‌റ്റില്‍ രാഹുല്‍ പറഞ്ഞു.
അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും, വരുമാനത്തിനും, മരുന്നിനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ഇന്ത്യയെ നിർമ്മിച്ചെടുത്ത തൊഴിലാളികൾക്ക് നീതി ലഭിക്കൂ. അവർക്ക് ഈ നീതി കോൺഗ്രസ് മാത്രമേ നൽകൂ, കാരണം രാജ്യത്തിൻ്റെ ഭാവി തൊഴിലാളികളുടെ ഭാവിയിലാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
ജാര്‍ഖണ്ഡില്‍ 804 കിലോമീറ്റര്‍ യാത്ര: രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ ന്യായ് യാത്ര പര്യടനം നടത്തുക. 13 ജില്ലകളില്‍ 804 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയും സംഘവും സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലാണ് ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുക. 110 ജില്ലകളിലൂടെ സഞ്ചരിക്കും. 67 ദിവസം കൊണ്ട് 6,713 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും അണികളും പൂര്‍ത്തിയാക്കുക. യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും.