ബെംഗളൂരു: ബെംഗളൂരുവിൽ ചിത്രദുർഗ സ്വദേശി രേണുക സ്വാമിയെ സോമനഹള്ളിയിലെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. 33 കാരനായ രേണുക സ്വാമി അതിദാരുണമായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് വ്യക്‌തമാക്കി. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് കാമാക്ഷിപാളയ പൊലീസിന് കൈമാറി. ഇയാളുടെ ശരീരത്തിൽ 15 ഭാഗങ്ങളിൽ മുറിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലാണ് പോസ്‌റ്റ്‌മോർട്ടം നടന്നത്. രേണുക സ്വാമിയുടെ ശരീരത്തിന്‍റെ ഏത് ഭാഗത്തു നിന്നാണ് രക്തം വന്നത്, എവിടൊയൊക്കെയാണ് പരിക്കുകൾ എന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ഇയാളുടെ തലയ്ക്കും സ്വകാര്യഭാഗത്തും അടിയേറ്റതായും രക്തം വാർന്നൊലിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൈകളിലും കാലുകളിലും മുതുകിലും നെഞ്ചിലും രക്തസ്രാവമുണ്ടായിരുന്നു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് ശരീരത്തിൽ രക്തം കട്ടപിടിച്ചാണ് മരിച്ചത്. മരക്കഷ്‌ണവും ബെൽറ്റും ഉപയോഗിച്ച് മർദിച്ച് ശരീരത്തിൽ 15 മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്.
രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ ചലച്ചിത്ര താരം ദര്‍ശന്‍ തുഗുദീപയെയും ഉറ്റസുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും മറ്റ് പതിനൊന്ന് പേരെയും അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌ത് വരികയാണ്. രേണുക സ്വാമി ദര്‍ശന്‍റെ സുഹൃത്ത് കൂടിയായ ചലച്ചിത്ര താരം പവിത്ര ഗൗഡയ്ക്കെതിരെ അപമാനകരമായ കമന്‍റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആരോപിക്കപ്പെടുന്നു. അതേസമയം ദര്‍ശന്‍ നിരപരാധിയാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു.
ദർശൻ്റെ അറസ്‌റ്റിനെ തുടർന്ന് ആരാധകർ അന്നപൂർണേശ്വരി നഗർ പൊലീസ് സ്‌റ്റേഷനു മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.