ബെംഗളൂരു (കർണാടക) : മല്ലേശ്വരം ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ച സംഭവത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യംപുറത്ത്. മദ്യപിച്ചെത്തിയ കാർ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്നുണ്ടായ അപകടത്തിന്‍റെ ദൃശ്യമാണ് പുറത്ത് വന്നത്. അപകടം നടന്ന സ്ഥലത്തെ ഒരു കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണിത്.
മേയ് 19ന് സുബ്രഹ്മണ്യ നഗർ മെയിൻ റോഡിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിനയ്‌ക്കും (32) സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിനയ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മദ്യപിച്ച് കാർ ഓടിച്ച ഹരിനാഥ് ആദ്യം റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു ഓട്ടോയിൽ കാർകൊണ്ട് ഇടിച്ച ശേഷം വിനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വിനയ് നിലത്തേക്ക് തെറിച്ച് വീണു. അപകടം കണ്ടതിനെ തുടർന്ന് നാട്ടുകാർ എത്തി കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഹരിനാഥ് കാറിൽ നിന്ന് ഇറങ്ങാൻ തയ്യാറായില്ല. ഒടുവിൽ ഇയാളെ കാറിൽ നിന്ന് ഇറക്കാൻ പൊലീസ് ഇടപെട്ടു. കാറിൽ നിന്ന് ഇറങ്ങിയ ഹരിനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read : ഡ്രൈവിങ് അറിയാത്ത യുവാവ് ആക്‌സിലറേറ്റർ ചവിട്ടി; റോഡിൽ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന് കാറിടിച്ച് ദാരുണാന്ത്യം - CAR ACCIDENT BENGALURU