കൊല്‍ക്കത്ത: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ കര്‍ശന നിര്‍ദ്ദേശങ്ങളുമായി പശ്ചിമബംഗാള്‍ പൊലീസ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രകോപനപരമായ ദൃശ്യങ്ങള്‍ പങ്കിടരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കലാപാഹ്വാനങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നും പശ്ചിമബംഗാള്‍ പൊലീസ് എക്‌സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പില്‍ പറയുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. വ്യാജ വാര്‍ത്തകളുടെ കെണിയില്‍ വീഴരുത്.
പശ്ചിമബംഗാള്‍-ബംഗാള്‍ അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് പറഞ്ഞിരുന്നു.
രാജി വച്ചതിന് പിന്നാലെ ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യന്‍ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. ഗാസിയബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലായിരുന്നു ചര്‍ച്ച. ഇപ്പോഴത്തെ ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചും ഹസീനയുടെ ഭാവി പരിപാടികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്‌തു. ഇന്ത്യന്‍ വ്യോമസേന ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ വ്യോമസേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്.
വ്യോമസേനയടക്കമുള്ള സുരക്ഷ ഏജന്‍സികള്‍ ഹസീനയ്ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവരെ സുരക്ഷിത ഇടത്തേക്ക് മാറ്റുമെന്നും സൂചനയുണ്ട്. ബ്രിട്ടന്‍ രാഷ്‌ട്രീയ അഭയം അനുവദിക്കും വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് സൂചന. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലിൽ മകൾ സയിമ വാജേദിനെ കണ്ടു. ഡല്‍ഹിയിൽ ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടറാണ് സയിമ. ഷെയ്ഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ സാജിബ് വാജേദ് വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലിയിലെ ക്വാട്ട സംവിധാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭമാണ് രാജ്യത്ത് വലിയ രാഷ്‌ട്രീയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്. പതിനാല് പൊലീസ് ഉദ്യോഗസ്ഥരടക്കം 95 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ധാക്കയിലുണ്ടായ കലാപത്തില്‍ നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
Also Read: ഷെയ്ഖ് ഹസീനയുമായി ചർച്ച നടത്തി അജിത് ഡോവൽ; കിഴക്കൻ മേഖലകളിൽ ജാഗ്രത നിർദേശം