ഇംഫാല്‍ : കലാപത്തിനിടെ മണിപ്പൂര്‍ എംഎല്‍എയുടെ വസതിയില്‍ വന്‍ മോഷണം. പണവും ആഭരണങ്ങള്‍ക്കും പുറമെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനായി ശേഖരിച്ച് സൂക്ഷിച്ച ഭക്ഷ്യവസ്‌തുക്കളും വസ്‌ത്രങ്ങളുമടക്കമുള്ളവയും മോഷണം പോയി.
പതിനെട്ട് ലക്ഷം രൂപയും ഒന്നരക്കോടി രൂപയുടെ ആഭരണങ്ങളും മോഷണം പോയെന്ന് കാട്ടി മണിപ്പൂരിലെ ജനതാദള്‍(യു) എംഎല്‍എ കെ എച്ച് ജോയികിഷന്‍ സിങ്ങിന്‍റെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഈ മാസം പതിനാറിന് അക്രമാസക്തരായ ഒരു സംഘം വീടിന് നേര്‍ക്ക് ആക്രമണം അഴിച്ച് വിടുകയും കൊള്ളയടിക്കുകയുമായിരുന്നു. വീടിനും നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
പശ്ചിമ ഇംഫാലിലെ താങ്മെയ്‌ബാന്‍ഡ് മേഖലയിലെ എംഎല്‍എയുടെ വസതിയില്‍ സൂക്ഷിച്ചിരുന്ന മിക്ക വസ്‌തുക്കളും തകര്‍ക്കപ്പെട്ടതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ പതിനാറിന് രണ്ട് മണിക്കൂറോളമാണ് അക്രമാസക്തരായ ഒരു സംഘം ആളുകള്‍ വീടിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. ആക്രമണം നടക്കുമ്പോള്‍ കുടുംബാംഗങ്ങളിലൊരാളുടെ ചികിത്സയുമായി ബന്ധപ്പെട്ട് എംഎല്‍എ ഡല്‍ഹിയിലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആക്രമണങ്ങളില്‍ വീട് വിട്ട് പോകേണ്ടി വന്നവരെ പുനരധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി സംഭരിച്ചിരുന്ന പച്ചക്കറികളും തണുപ്പുകാല വസ്‌ത്രങ്ങളും അടക്കമുള്ളവയും കൊള്ളയടിക്കപ്പെട്ടതായി ജോയികിഷന്‍റെ വീട്ടില്‍ നിന്ന് മീറ്ററുകള്‍ മാത്രം അപ്പുറത്തുള്ള തോമ്പിസന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നയാള്‍ പറഞ്ഞു. എംഎല്‍എയുടെ വസതി തകര്‍ക്കരുതെന്നും അവിടെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നും ജോയികിഷന്‍ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നല്‍കുന്നവരിലൊരാളായ സനയായി അക്രമികളോട് ആവശ്യപ്പെട്ടിരുന്നു.
ലോക്കറുകളും ഇലക്‌ട്രോണിക് സാധനങ്ങളും വീട്ടുപകരണങ്ങളും എല്ലാം അക്രമികള്‍ നശിപ്പിച്ചു. വീട്ടില്‍ നിന്ന് മൂന്ന് എസികള്‍ അക്രമികള്‍ എടുത്ത് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏഴ് പാചക വാതക സിലിണ്ടറുകള്‍ അവര്‍ കൊണ്ടുപോയി.
പലയാനം ചെയ്യപ്പെട്ടെത്തിയവരുടെ രേഖകളും ഇവിടെ സൂക്ഷിച്ചിരുന്നു. അവയെല്ലാം നശിപ്പിക്കപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. മര്‍ദനത്തില്‍ വോളന്‍റിയര്‍മാരിലൊരാള്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്തെ നിരവധി ജനപ്രതിനിധികളുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നുണ്ട്. മെയ്‌തി വിഭാഗത്തില്‍ പെട്ട മൂന്ന് സ്‌ത്രീകളെയും മൂന്ന് കുട്ടികളെയും അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് കാണാതായതോടെയാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. സുരക്ഷ സേനയും കുക്കികളെന്ന് സംശയിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജിരിബാം ജില്ലയിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഇവരെ കാണാതായത്.
പിന്നീട് വിവിധയിടങ്ങളില്‍ നിന്നായി കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മെയില്‍ കുക്കികളും മെയ്‌തികളും തമ്മില്‍ ആരംഭിച്ച വംശീയ സംഘര്‍ഷത്തില്‍ ഇതുവരെ 220 ജീവനുകള്‍ നഷ്‌ടമായെന്നാണ് ഔദ്യോഗിക കണക്കുകള്‍.
Also Read: മണിപ്പൂര്‍ സംഘര്‍ഷം; സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്രസേന, കലുഷിതമായ ഇടങ്ങളില്‍ വിന്യസിക്കും