ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഉടൻ അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആം ആദ്‌മി പാർട്ടി. ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ ആതിഷി മർലേനയാണ് ഇക്കാര്യത്തിൽ പാർട്ടിയുടെ ആശങ്ക പരസ്യമാക്കിയത്. അടുത്ത ദിവസങ്ങളിൽ തന്നെ അറസ്‌റ്റ് നടക്കാൻ സാധ്യതയുണ്ടെന്ന് ആതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഭജന കരാറിൽ ഏർപ്പെട്ടാൽ അരവിന്ദ് കെജ്‌രിവാളിനെ അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ അറസ്‌റ്റ് ചെയ്യുമെന്നാണ് ആതിഷി ആശങ്ക പ്രകടിപ്പിച്ചത്. ശനിയാഴ്‌ചയോ ഞായറാഴ്‌ചയോ കേജ്‌രിവാളിന് സിബിഐ നോട്ടീസ് നൽകിയേക്കുമെന്നും അവർ പറഞ്ഞു.
ആം ആദ്‌മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യം അന്തിമഘട്ടത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് സംഖ്യത്തിലേർപ്പെട്ടാൽ കെജ്‌രിവാൾ അറസ്‌റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
Also Read: 'ഡൽഹിയിൽ ഭരണഘടനാ പ്രതിസന്ധി രൂക്ഷം'; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
വീണ്ടും സമൻസ്: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ഇന്ന് വീണ്ടും അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു ഫെബ്രുവരി 26-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് സമൻസിലെ നിര്‍ദേശം. ഇത് ഏഴാം തവണയാണ് കെജ്‌രിവാളിന് ഇഡി സമൻസ് അയക്കുന്നത്. കഴിഞ്ഞ ആറ് തവണയും ഇഡി അയച്ച സമൻസ് കെജ്‌രിവാൾ അവഗണിച്ചിരുന്നു. സമൻസ് നിയമവിരുദ്ധമാണെന്നും വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നുമായിരുന്നു എഎപി നിലപാട് (ED issues fresh summons to Arvind Kejriwal).
മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി തന്നെ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. സമൻസ് അനുസരിക്കാൻ ഡൽഹി മുഖ്യമന്ത്രി മനഃപൂർവം തയ്യാറായില്ലെന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇഡി പരാതിയിൽ ആരോപിച്ചു. അദ്ദേഹത്തെപ്പോലുള്ള ഒരു ഉയർന്ന പൊതുപ്രവർത്തകൻ നിയമം അനുസരിക്കാതിരുന്നാൽ അത് സാധാരണക്കാർക്ക് തെറ്റായ മാതൃക നൽകുമെന്നും ഇഡി ചൂണ്ടികാട്ടി. കേസ് മാർച്ച് 16ന് കോടതി വീണ്ടും പരിഗണിക്കും.
എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ കൂടാതെ പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള വിജയ് നായരെയും ഈ കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എഎപി 45 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
അതേസമയം ബിജെപി സർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് ആംആദ്‌മിയുടെ ആരോപണം. അടുത്ത വർഷമാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാഷ‌്ട്രീയ പ്രതിച്ഛായ തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആംആദ്‌മി ആരോപിക്കുന്നു.