2019 ഒക്ടോബറിൽ നടന്ന 41-ാമത് ഡിആർഡിഒ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു കൊണ്ട് അന്നത്തെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പ്രസ്‌താവിച്ചു.
"ഏറ്റവുമധികം ആയുധങ്ങളും വെടിക്കോപ്പുകളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിനുശേഷവും ഇത്തരമൊരു പ്രസ്‌താവന നടത്തേണ്ടി വരുന്നത് ഒട്ടും അഭിമാനകരമായ കാര്യമല്ല. ഇനി വരുന്ന യുദ്ധങ്ങളില്‍ നാം തദ്ദേശീയമായ ആയുധ സംവിധാനങ്ങൾ ഉപയോഗിച്ച് പോരാടുമെന്നും വിജയിക്കുമെന്നും ഉറപ്പാണ് ".
ഇക്കഴിഞ്ഞ ആഴ്‌ച, നിലവിലെ സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ നടത്തിയ മറ്റൊരു പ്രസ്‌താവനയും ശ്രദ്ധേയമായിരുന്നു. സൈനിക ആവശ്യത്തിനുള്ള പ്രതിരോധ ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളും വികസിപ്പിക്കാന്‍ 340 തദ്ദേശീയ പ്രതിരോധ വ്യവസായസ്ഥാപനങ്ങളുമായി 230 കരാറുകളുടെ കാര്യത്തില്‍ സൈന്യം സഹകരിച്ച് പ്രവൃത്തിക്കുകയാണെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രസ്‌താവന. 2.5 ലക്ഷം കോടി രൂപ അടങ്കലുള്ള ഈ 230 കരാറുകള്‍ 2025 ഓടെ പൂര്‍ത്തീകരിക്കാനുള്ളതാണെന്നും കരസേനാ മേധാവി വ്യക്തമാക്കി(Athmanirbharatha).
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സീനിയർ കമാൻഡർമാരുടെ സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യൻ നാവികസേന ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. '2047-ഓടെ 'സ്വയം പര്യാപ്‌തത ' കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 'മെയ്ക്ക് ഇൻ ഇന്ത്യ' വഴി സ്വദേശിവൽക്കരണം വർദ്ധിപ്പിക്കുന്നതിനുള്ള വിശദമായ കര്‍മ പരിപാടി കമാൻഡർമാർ ഏറ്റെടുക്കുമെന്നായിരുന്നു ഇന്ത്യന്‍ നേവി സൂചിപ്പിച്ചത്. "2047-ഓടെ ഞങ്ങൾ സ്വയം പര്യാപ്‌തത കൈവരിക്കുമെന്ന് രാഷ്ട്രത്തിന് വാക്ക് നല്‍കാന്‍ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അതിന് വ്യവസായ ലോകത്തിന്‍റെ കൂടി പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്." നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ഹരി കുമാർ കഴിഞ്ഞ മാസം നടത്തിയ ഈ പ്രസ്താവന ഇന്ത്യന്‍ നേവിയും സ്വയം പര്യാപ്‌തത കൈവരിക്കാന്‍ ഉറച്ചിരിക്കുകയാണെന്നതിന് അടിവരയിടുന്നു(Defence).
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻ എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസിന് നൽകിയ അഭിമുഖത്തിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി ഇങ്ങിനെ പറഞ്ഞു.
" പ്രതിരോധ രംഗത്ത് നവീകരണവും സാങ്കേതിക വികാസവും സാധ്യമാക്കാന്‍ ഗവേഷണ സ്ഥാപനങ്ങളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സ്റ്റാര്‍ട്ട്അപ്പുകളേയും വ്യവസായ സ്ഥാപനങ്ങളേയും മികച്ച കണ്ടെത്തലുകള്‍ നടത്തുന്ന പ്രതിഭകളേയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിസ്ഥിതി സൃഷ്ടിക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്(defence needs)."
പ്രതിരോധ രംഗത്ത് തദ്ദേശീയ വ്യവസായങ്ങളെ പിന്തുണയ്ക്കേണ്ടതിന്‍റെ ആവശ്യകത ഇന്ത്യന്‍ സായുധ സേന തിരിച്ചറിഞ്ഞു കഴിഞ്ഞു. സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇറക്കുമതി കൂട്ടുകയും വിദേശ സാങ്കേതിക വിദ്യയെ ആശ്രയിക്കുകയും ചെയ്യുന്നത്, ദേശ സുരക്ഷയെ പുറം കരാറിന് വിട്ടു കൊടുക്കുന്നത്, ആപല്‍ക്കരമാണ്. അത് അസ്വീകാര്യമാണ്. പുറം രാജ്യങ്ങളില്‍ നിന്ന് വരുത്തുന്ന ആയുധങ്ങളെ മാത്രം ആശ്രയിക്കാൻ രാജ്യത്തിന് കഴിയില്ല എന്ന വലിയ പാഠമാണ് യുക്രെയ്ൻ യുദ്ധത്തില്‍ നിന്ന് പഠിച്ചതെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
പ്രതിരോധ രംഗത്ത് ഒരു രാജ്യം സ്വയം പര്യാപ്‌തമാകണമെന്ന പ്രധാന പാഠമാണ് അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ നമുക്ക് നല്‍കുന്നത്. നമ്മുടെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്‌ത ആയുധങ്ങളും ഉപയോഗക്രമങ്ങളുമാണ് നമുക്ക് ആവശ്യം.യുക്രൈന്‍ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങളെ ധാരാളമായി ആശ്രയിക്കുന്നു. ആയുധങ്ങളുടെ വിതരണത്തിലെ കാലതാമസം യുദ്ധഭൂമിയില്‍ യുക്രൈനുണ്ടായ തിരിച്ചടിക്ക് കാരണമായി. യുക്രൈന് പാശ്ചാത്യരാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ എവിടെ നിന്നും പ്രയോഗിക്കാന്‍ കഴിയുന്നതരത്തില്‍ രൂപകല്‍പ്പന ചെയ്‌തവ ആയിരുന്നു. എന്നാല്‍ ഇതിന്‍റെ മുഴുവന്‍ സാധ്യതകളും ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് വീഴ്‌ച പറ്റി. അമേരിക്കയുടെ അബ്രാംസ് ടാങ്കുകള്‍ക്ക് വിജയം വരിക്കാന്‍ കഴിയാതെ പോയതിന് ഒരു കാരണം അതുമാകാം.
അമേരിക്കന്‍ പാര്‍ലമെന്‍റ് താത്‌ക്കാലികമായി യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തി വച്ചതും അവരെ പ്രതിസന്ധിയിലാക്കി. കീവിന്‍റെ ആവശ്യങ്ങള്‍ മുഴുവന്‍ സാധിച്ച് നല്‍കാന്‍ യൂറോപ്പിന് കഴിഞ്ഞില്ല. ഇത് റഷ്യയ്ക്ക് ഗുണകരമായി. റഷ്യന്‍ പ്രതിരോധ വ്യവസായത്തിന് മിക്ക പ്രതിരോധ ആവശ്യങ്ങളും നിറവേറ്റാനായി. അത് അവരുടെ സൈനിക കരുത്ത് വര്‍ദ്ധിപ്പിച്ചു. ഉത്തരകൊറിയ, ഇറാന്‍, ചൈന, തുടങ്ങിയവര്‍ക്ക് ഇത് തിരിച്ചടിയുമായി.
ആയുധങ്ങള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സാധിക്കും. ഒന്നുകില്‍ ഇവര്‍ക്ക് വീണ്ടും ആയുധങ്ങള്‍ നല്‍കാതിരിക്കാം. അതുമല്ലെങ്കില്‍ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാക്കാതിരിക്കാം. പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനങ്ങള്‍ അമേരിക്ക മുഴുവന്‍ സമയവും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് മാത്രമേ അവര്‍ക്ക് ആയുധങ്ങള്‍ വാങ്ങാനാകൂ. കാര്‍ഗില്‍ യുദ്ധവേളയില്‍ അമേരിക്ക ജിപിഎസ് സേവനങ്ങള്‍ നിഷേധിച്ചത് കൊണ്ടാണ് ഡിആര്‍ഡിഒ സ്വന്തമായി ഒന്ന് വികസിപ്പിച്ചത്. അങ്ങനെയാമ് നാവിഗേഷന്‍ ഫോര്‍ ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍(നാവിക്) ജനിച്ചത്.
ഇതിന് പുറമെ, ഇറക്കുമതിച്ചെലവ് വളരെക്കൂടുതലാണ്. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയാണെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും സമ്പദ്ഘടനയും ശാക്തീകരിക്കപ്പെടും. ഇതിന് പുറമെ പ്രതിരോധ ഉടമ്പടികളിലെ അഴിമതിക്കും അറുതിയുണ്ടാകും.
2014ലാണ് പ്രതിരോധ രംഗത്തെ ആത്മനിര്‍ഭരതയ്ക്ക് തുടക്കമാകുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് അതിന് പുതിയ ഊര്‍ജ്ജം ലഭിച്ചു. സ്വകാര്യമേഖലയ്ക്ക് കൂടി വാതില്‍ തുറന്ന് നല്‍കിക്കൊണ്ട് ഓര്‍ഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ കുത്തകവത്ക്കരണം കൂടി നടത്തി. രാജ്യത്തെ പ്രതിരോധ ഉത്‌പാദനം പുത്തന്‍ ഉയരങ്ങളിലെത്തി. 2017ല്‍ 740 കോടി രൂപ ആയിരുന്ന പ്രതിരോധ ഉത്പാദന മേഖല 2023ല്‍ ഒരു ലക്ഷം കോടിയിലെത്തി.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി2013-14 സാമ്പത്തിക വര്‍ഷം 686 കോടി ആയിരുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16000 കോടി ആയി വര്‍ദ്ധിച്ചു. അടുത്ത അഞ്ച് കൊല്ലം കൊണ്ട് പ്രതിരോധ കയറ്റുമതി 35000 കോടിയിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യയെ മുഖ്യ പ്രതിരോധ കയറ്റുമതി രാജ്യമാക്കുകയാണ് ലക്ഷ്യം.
പ്രതിരോധ സാമഗ്രികള്‍ സംഭരിച്ചതിലൂടെ യുള്ള ചെലവിലും കുറവ് വരുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. വിദേശത്ത് നിന്ന് പ്രതിരോധ സാമഗ്രികള്‍ സമാഹരിച്ച ചെലവ് 2018-19 ലെ 46ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 36.7ശതമാനമാക്കി കുറയ്ക്കാനായി. പ്രതിരോധ വിഭവസംഭരണ ബജറ്റിന്‍റെ 75ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വിഭവങ്ങളിലൂടെയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം 68ശതമാനം ഇത്തരത്തിലായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട ഒരു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷം 122 പ്രതിരോധ ഉപകരണ കരാറിലാണ് ഒപ്പിട്ടത്. ഇതില്‍ 100എണ്ണവും തദ്ദേശീയ വിതരണക്കാരുമായാണ് എന്നതും ശ്രദ്ധേയമാണ്.
നൂതന സാങ്കേതികത വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ്((ഐഡിഎക്സ്) ഒരു വന്‍ വിജയമായിരുന്നു. തദ്ദേശീയ പ്രതിരോധ ഉത്പാദന പട്ടിക പുറത്ത് വിട്ടു കൊണ്ട് ആഭ്യന്തര വ്യവസായത്തില്‍ സര്‍ക്കാര്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. SRIJAN പോര്‍ട്ടലില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ 30,000 ഇനങ്ങള്‍ പട്ടികയിലുണ്ട്.
ആഗോള നിര്‍മ്മാതാക്കളില്‍ ഇന്ത്യയിലെ ഉത്പാദന സൗകര്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ശ്രമവും ഇന്ത്യ സമാന്തരമായി നടത്തുന്നുണ്ട്. ഈ രംഗത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം 49ശതമാനത്തില്‍ നിന്ന് 74ശതമാനമാക്കി. സാബ്(SAAB) എന്ന കമ്പനിയ്ക്കാണ് ആദ്യമായി കാള്‍ ഗുസ്താഫ് എം4 എന്ന ടാങ്ക് വേധ റോക്കറ്റ് സംവിധാനം വികസിപ്പിക്കാന്‍ പൂര്‍ണ അനുമതി നല്‍കിയത്. ഇതുവരെ 5077 കോടി രൂപയാണ് പ്രതിരോധ രംഗത്ത് വിദേശനിക്ഷേപത്തിലൂടെ ലഭിച്ചത്.
ഇന്ത്യ റഷ്യയുമായി ചേര്‍ന്ന് നിര്‍മ്മിച്ച ബ്രഹ്മോസ് വിവിധ രാജ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചിലര്‍ ഇന്ത്യയുമായി കരാറിലും ഏര്‍പ്പെട്ടു കഴിഞ്ഞു. ആകാശ് മിസൈല്‍, റഡാറുകള്‍, സൈനിക വാഹനങ്ങള്‍, തോക്കുകള്‍ തുടങ്ങിയവയാണ് കയറ്റുമതി ചെയ്യുന്ന മറ്റ് പ്രമുഖ പ്രതിരോധ വസ്‌തുക്കള്‍.
അപ്പാച്ചെ ഹെലികോപ്ടറുകള്‍, എഫ് 16ന് വേണ്ടിയുള്ള ചിറകുകള്‍, സി-295 മീഡിയം ലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ തുടങ്ങിയവയും കയറ്റുമതി ചെയ്യുന്നുണ്ട്. ലോഖീദ് മാര്‍ട്ടിന്‍ ഇന്ത്യയെ അവരുടെ സി130ജെയുടെ സംയോജന-വിപണന കേന്ദ്രമാക്കി തെരഞ്ഞെടുത്തിട്ടുണ്ട്. അമേരിക്കയ്ക്ക് പുറത്തുള്ള ഇത്തരത്തിലുള്ള അവരുടെ ഏക കേന്ദ്രമാണിത്. ഈ വിമാനം ഏഴോളം രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോ സ്പേസിന്‍റെയും ഇസ്രയേലിന്‍റെ എല്‍ബിറ്റ് സിസ്റ്റത്തിന്‍റെയും സംയുക്ത സംരംഭമായ അദാനി-എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റം ഇന്ത്യ ലിമിറ്റഡ് ഇസ്രയേലിന് 20 യുഎവികള്‍ നല്‍കിക്കഴിഞ്ഞു.
ഇന്ത്യ പ്രതിരോധ വിതരണ സംവിധാനങ്ങള്‍ അമേരിക്കയ്ക്ക് തുറന്ന് നല്‍കാനും അതുവഴി അവരുടെ പ്രതിരോധ വിപണികളെ ഇന്ത്യന്‍ കമ്പനികളുടെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്‍റെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചറേഴ്സ് (എസ്ഐഡിഎം)എക്സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ പ്രദര്‍ശനങ്ങളും മറ്റും സംഘടിപ്പിക്കാനും മറ്റുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നീക്കത്തിന് പുറമെയാണിത്.
ഈ രംഗത്ത് ഇന്ത്യ രണ്ട് തിരിച്ചടികള്‍ നേരിടുന്നുണ്ട്. എന്നാല്‍ രണ്ടിനും കൈകോര്‍ത്ത് മുന്നേറാനുമാകും. സാങ്കേതികതയാണ് ഇന്നിന്‍റെ ആവശ്യം. ആധുനിക യുദ്ധഭൂമിക്ക് അനുഗുണമായ സാങ്കേതികത വികസിപ്പിക്കുകയാണ് ആവശ്യം. ആഭ്യന്തര ആര്‍ ആന്‍ഡ് ഡികളില്‍ നിന്ന് മാത്രമേ ഇത്തരം ഉപകരണങ്ങളുടെ വികസിപ്പിക്കല്‍ സാധ്യമാകൂ.
ഡിആര്‍ഡിഒയുടെ ബജറ്റ് ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുണ്ട്. ഒപ്പം സംഘടനയെ പുനസംഘടിപ്പിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. കെ വിജയരാഘവന്‍ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇവരുടെ ഭാവി പരിപാടികള്‍ നിയന്ത്രിക്കുന്നത്. എങ്കിലും ഇന്ത്യയുടെ ആര്‍ ആന്‍ഡിയിലെ നിക്,േപം വളരെ കുറവാണ്. ഇന്ത്യന്‍ സ്വകാര്യ പ്രതിരോധ മേഖല ശൈശവ ദശയിലാണ്. ഇതും ആര്‍ ആന്‍ഡ് ഡിയില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്.
ആര്‍ ആന്‍ഡ് ഡി എന്നത് ഒരു അപകടം പിടിച്ച ദൗത്യമാണ്. ചിലപ്പോള്‍ ഇത് പ്രതീക്ഷിച്ച ഫലം നല്‍കിയെന്ന് വരില്ല. എങ്കിലും എല്ലാ രാജ്യങ്ങളുടെയും വികസനത്തിന്‍റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ നോര്‍ത്ത് ടെക് ശില്‍പ്പശാലയെ അഭിസംബോധന ചെയ്യവേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ ആഭ്യന്തരമായി പരിഹരിക്കപ്പെട്ടാല്‍ ആര്‍ ആന്‍ഡ് ഡി യ്ക്ക് കൂടുതല്‍ ഫണ്ട് വേണ്ടി വരും. ആര്‍ ആന്‍ഡ് ഡി വിജയകരമായാല്‍ ശാസ്‌ത്രസമൂഹത്തിന് ഉപയോക്താക്കളും അക്കാദമിക സമൂഹവുമായി കൂടുതല്‍ ബന്ധമുണ്ടാകും. ഇതിനെല്ലാം ഒരു സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. ഉത്പന്നം മെച്ചപ്പെട്ടാല്‍ ആഗോള ആവശ്യകതയും വര്‍ദ്ധിക്കും.
പത്ത് വര്‍ഷമായി ഈ രംഗത്ത് നാം ബഹുദൂരം പിന്നിട്ടിരിക്കുന്നു. ഇന്ത്യന്‍ വ്യവസായ മേഖല തങ്ങളുടെ കഴിവ് തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ നമുക്ക് പിന്തുണ ആവശ്യമുണ്ട്. പ്രതിരോധ വ്യവസായം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. തടസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇവയെല്ലാം തകര്‍ത്ത് ആഗോള നിരയിലേക്ക് എത്തണം. സര്‍ക്കാര്‍ അനുകൂല സമീപനം കൈക്കൊള്ളുകയും ഇതിനായി കൈകോര്‍ക്കുകയും വേണം.