ഗുവാഹത്തി : ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് (യൂണിഫോം സിവിൽ കോഡ്- യുസിസി) മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ. ഏകീകൃത സിവിൽ കോഡ് അസമിന് ആവശ്യമാണ്. സംസ്ഥാന ക്യാബിനറ്റ് യോഗം ഇത് വിലയിരുത്തുമെന്നുമായിരുന്നു മന്ത്രി ജയന്ത മല്ല ബറുവയുടെ പ്രതികരണം.
അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് പാസാക്കിയിരുന്നു. യുസിസി ബിൽ അസമിലും നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഗോത്രവർഗക്കാർക്ക് ചില ഇളവുകൾ ഉണ്ടാകുമെന്നും ബറുവ പറഞ്ഞു. രാജ്യത്തിന്‍റെ ഭാവിക്കായി ഇനിയും നിരവധി തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിൽ വന്ന് നിരവധി വലിയ തീരുമാനങ്ങൾ എടുക്കുമെന്നും അസം മന്ത്രി പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തുല്യമായി പരിഗണിക്കും. വിവാഹം, വിവാഹമോചനം, പരിപാലനം, അനന്തരാവകാശം, ദത്തെടുക്കൽ, സ്വത്തിന്‍റെ അനന്തരാവകാശം തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച ഗുവാഹത്തിയിൽ വിദ്യാർഥികൾക്കായി വാട്ടർ ആൻഡ് സാനിറ്റേഷൻ ഹാൻഡ്‌ബുക്ക് പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പും പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ് വകുപ്പും സംയുക്തമായാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 12 ന് നിയമസഭയിൽ അവതരിപ്പിക്കും.ഇതിന് മുന്നോടിയായുള്ള അവലോകന യോഗം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയില്‍ നടന്നു.