ഗാന്ധിനഗർ: രണ്ട് റെക്കോർഡുകളുമായി ഗിന്നസ് ബുക്കിൽ ഇടം നേടി വഡോദരയിലെ ഡോ. ചന്ദാരന ഡെന്റൽ മ്യൂസിയം. ടൂത്ത് ബ്രഷുകളുടെ ഏറ്റവും വലിയ ശേഖരം എന്ന റെക്കോർഡും ടൂത്ത് ബ്രഷുകളുടെ ഏറ്റവും വലിയ ഡിസ്പ്ലേ എന്ന റെക്കോർഡുമാണ് മ്യൂസിയം സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ഡെന്റൽ മ്യൂസിയമാണ് ഡോ. ചന്ദാരന ഡെന്റൽ മ്യൂസിയം.
2016ൽ ദന്തഡോക്ടറായ യോഗേഷ് ചന്ദാരനയാണ് ഡെന്റൽ ഹെൽത്ത് എജ്യുക്കേഷന്‍ വേണ്ടി ഈ മ്യൂസിയം സ്ഥാപിച്ചത്. മ്യൂസിയത്തിലെ ശേഖരത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് 2,371 ടൂത്ത് ബ്രഷ്. പരമ്പരാഗത ഡാറ്റൂൺ (ഒരു തരം പ്രകൃതിദത്ത ടൂത്ത് ബ്രഷ്), എല്ലുകള്‍, മൃഗങ്ങളുടെ രോമങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച 19ാം നൂറ്റാണ്ടിലെ ടൂത്ത് ബ്രഷുകളും ഉൾപ്പെടെ വിവിധ തരം ടൂത്ത് ബ്രഷുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ടൂത്ത് ബ്രഷുകളുടെ ഏറ്റവും വലിയ ശേഖരത്തിന്റെ റെക്കോർഡ് ഡോ.യോഗേഷ് ചന്ദാരനയുടെ പേരിലാണ്. അതേസമയം ചന്ദാരന കുടുംബം മുഴുവൻ ഈ ഇനങ്ങളുടെ മികച്ച പ്രദർശനത്തിനുള്ള അംഗീകാരം നേടിയിട്ടുണ്ട്. മുമ്പ് ഏറ്റവും വലിയ ടൂത്ത് ബ്രഷ് ശേഖരണത്തിനുള്ള റെക്കോർഡ് 1,678 ടൂത്ത് ബ്രഷുകൾ കൈവശമുള്ള ഒരു കനേഡിയൻ പെൺകുട്ടിയുടെ പേരിലായിരുന്നു.
ടൂത്ത് ബ്രഷുകൾക്ക് പുറമേ, ദന്തചികിത്സ, ദന്ത സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ചരിത്ര വസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് മ്യൂസിയം ഉടമ ഡോ. യോഗേഷ് ചന്ദാരന പറഞ്ഞു. നമ്മുടെ ഇന്ത്യയിൽ നിരവധി മ്യൂസിയങ്ങളുണ്ട്, എന്നാൽ ഡെന്റൽ മ്യൂസിയം എന്ന ആശയം തികച്ചും പുതിയതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താൻ അമേരിക്കയിൽ പോയ സമയം അവിടെ ഹൗസ് എന്ന പേരിൽ ഒരു ഡെന്റൽ മ്യൂസിയം ഉണ്ടായിരുന്നു. ആ സമയത്താണ് ഒരു ഡെന്റൽ മ്യൂസിയം നിർമിക്കണമെന്ന ആശയം മനസിലുദിച്ചതെന്ന് ഡോ. യോഗേഷ് ചന്ദാരന പറഞ്ഞു. 2013 മുതൽ ഈ ആശയം മനസിൽ ഉണ്ടായിരുന്നു. പിന്നീട് 2016ലാണ് ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ ഡെൻ്റൽ മ്യൂസിയം സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 500 ടൂത്ത് ബ്രഷുകളുടെ ശേഖരണത്തോടെയാണ് മ്യൂസിയം ആരംഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. പിന്നീടാണ് അതിന്റെ എണ്ണം വർധിച്ചത്. 1618 എന്നതാണ് ടൂത്ത് ബ്രഷ് കലക്ഷന്‍ ലഭിച്ച അവസാന റെക്കോർഡെന്ന് മനസിലാക്കിയ ഞങ്ങൾ 2371 ടൂത്ത് ബ്രഷുകൾ ശേഖരിച്ച് ആ റെക്കോർഡ് സ്വന്തമാക്കി.
ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ്, പഴയ ഡെൻ്റൽ ഉപകരണങ്ങൾ, ഡെൻ്റൽ പരസ്യങ്ങളുള്ള തീപ്പെട്ടി ലേബലുകൾ തുടങ്ങിയ ലോകമെമ്പാടുമുള്ള ദന്തചികിത്സയുമായി ബന്ധപ്പെട്ട ഏകദേശം 2,000 മുതൽ 3,000 വരെ ഇനങ്ങൾ മ്യൂസിയത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ഞങ്ങൾ മ്യൂസിയം ആരംഭിച്ചതെന്ന് ഡോ യോഗേഷ് ചന്ദാരനയുടെ മകൻ ഡോ. പ്രണവ് ചന്ദാരന പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടൂത്ത് ബ്രഷുകളിലൊന്ന്, 2371 ടൂത്ത് ബ്രഷുകൾ, ലോകത്തിലെ ഏറ്റവും വലിയ ടൂത്ത് ബ്രഷ് ഡിസ്പ്ലേ എന്നിവ മ്യൂസിയത്തിലുള്ളതിനാലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെന്റലുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമല്ല, കുട്ടികൾക്ക് ഹൈടെക് രീതിയിലുള്ള ചികിത്സയും ഡെൻ്റൽ മ്യൂസിയം വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ ആഗ്മെൻ്റഡ് റിയാലിറ്റി ആനിമേഷനുകളിലൂടെ കുട്ടികൾക്ക് വിവരങ്ങൾ ലഭിക്കുന്നു. കൂടാതെ, ആനിമേട്രോണിക് ഡെൻ്റൽ ഓർക്കസ്ട്രകളും ആരോഗ്യ ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. ഡെൻ്റൽ റിപ്പോർട്ടുകൾക്കായി, നിങ്ങളുടെ ഡെൻ്റൽ ഹെൽത്ത് അസസ്മെൻ്റുകൾ തിരിച്ചറിയാനും എഐ ഡെൻ്റൽ സ്ക്രീനിലൂടെ മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ മൊബൈലിലേക്ക് അയയ്ക്കാനും കഴിയും.