ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഭോജ്‌ശാല ക്ഷേത്രവും കമൽ മൗല മസ്‌ജിദും സ്‌ഥിതിചെയ്യുന്ന സമുച്ചയത്തിൽ സർവേ ആരംഭിച്ച് ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ സംഘം. ക്ഷേത്രം-മസ്‌ജിദ് തർക്കത്തെ തുടർന്ന് നിലവിൽ നാല് ഹർജികളാണുള്ളത്. ഇന്ന് രാവിലെ 6 മണിയ്ക്കാണ് സർവേ ആരംഭിച്ചത്. റിപ്പോർട്ട് ഉടൻതന്നെ കോടതിയിൽ സമർപ്പിക്കുമെന്ന് ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകനായ ശ്രീഷ് ദുബെ പറഞ്ഞു.
അടുത്തിടെയാണ് അവകാശ തർക്കം നടന്നുകൊണ്ടിരിക്കുന്ന ബോജ്‌ശാല ക്ഷേത്രം - കമൽ മൗല മസ്‌ജിദ് സമുച്ചയത്തിൽ എഎസ്‌ഐ സർവേ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ഹെക്കോടതിയുടെ നിർദേശങ്ങളനുസരിച്ച് ഇന്ത്യൻ സാംസ്‌കാരിക വകുപ്പ് അഡീഷണൽ ഡയറക്‌ടർ തങ്ങൾക്ക് കത്ത് അയച്ചിരുന്നെന്ന് ധർ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ സിങ്ങ് പറഞ്ഞു.
തുടർന്ന് പൊലീസ് സംഘം ബോജ്‌ശാല പരിസരം പരിശോധിക്കുകയും സർവ്വേ നടത്തുന്ന സമയത്ത് ഏതു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കേണ്ടത് എന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്‌തു. സർവേ സമാധാനപരമായി പൂർത്തീകരിക്കാൻ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നും മനോജ് കുമാർ സിങ്ങ് പറഞ്ഞു.
അതേസമയം തർക്ക സ്ഥലം വാഗ്ദേവി (സരസ്വതി) ദേവിയുടെ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു വിഭാഗത്തിന്‍റെ വാദം. എന്നാൽ മുസ്‌ലിം വിഭാഗത്തിന് ഇത് കമൽ മൗല മസ്‌ജിദിൻ്റെ സ്ഥലമാണ്. നിലവിൽ ഇരു ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സമുച്ചയത്തിൽ ചൊവ്വാഴ്‌ചകളിൽ ഹിന്ദുക്കളും വെള്ളിയാഴ്‌ചകളിൽ മുസ്‌ലിം വിഭാഗവും പ്രാർത്ഥനകൾ നടത്തുന്നു.
പതിമൂന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രത്തിന്‍റെ പുരാതന നിർമിതികൾ നശിപ്പിച്ചാണ് കമൽ മൗല മസ്‌ജിദ് നിർമ്മിച്ചതെന്നാണ് ഹിന്ദു സംഘടനയുടെ വാദം.