ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പ്രയാഗ്‌രാജ് ആസ്ഥാനമായുള്ള സെൻട്രൽ എയർ കമാൻഡിന്‍റെ പുതിയ തലവനായി ഏസ് ഫൈറ്റർ പൈലറ്റ് എയർ മാർഷൽ അശുതോഷ് ദീക്ഷിത് നാളെ (സെപ്റ്റംബർ 1 ) ചുമതലയേല്‍ക്കും. ഇന്ന് (ഓഗസ്റ്റ് 31) എയർ മാർഷൽ ആർജികെ കപൂര്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് അശുതോഷ് ദീക്ഷിത് ചുമതലയേല്‍ക്കുക. 1986 മുതല്‍ മൂന്ന് പതിറ്റാണ്ടിന് മുകളിലായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് എയർ മാർഷൽ ദീക്ഷിത്.
നാഷണൽ ഡിഫൻസ് അക്കാദമിയില്‍ നിന്നാണ് അശുതോഷ് ദീക്ഷിത് പരിശീലം പൂര്‍ത്തിയാക്കിയത്. വിവിധ വിമാനങ്ങള്‍ 3,300 മണിക്കൂറിലധികം സമയം പറത്തിയിട്ടുളള ഫ്ലൈയിങ് ഇൻസ്ട്രക്‌ടറാണ് അശുതോഷ്. എയർ ഹെഡ്ക്വാർട്ടേഴ്‌സിലെ എയർ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് എന്ന നിലയിൽ പ്രതിരോധ സേനയുടെ ആത്മനിർഭരത് (സ്വാശ്രയം) സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദീക്ഷിത് നിർണായക പങ്ക് വഹിച്ചു.
എയർ മാർഷൽ തേജീന്ദർ സിങ് പുതിയ എയർ സ്റ്റാഫ് ഡെപ്യൂട്ടി ചീഫായി സെപ്‌തംബർ ഒന്നിന് ചുമതലയേൽക്കും. ഡെപ്യൂട്ടി ചീഫ് ആയിരുന്ന കാലയളവിൽ എൽസിഎ മാർക്ക്-1എ, മാർക്ക്-2, എഎംസിഎ എന്നിവയുൾപ്പെടെ നിരവധി തദ്ദേശീയ വിമാന പദ്ധതികൾക്ക് തേജീന്ദർ സിങ് നേതൃത്വം നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ ആധുനികവത്‌കരണത്തിനായും സ്വദേശിവത്‌കരണത്തിനായും അദ്ദേഹം പ്രയത്‌നിച്ചു. പരിചയസമ്പന്നനായ ഫൈറ്റർ പൈലറ്റായ സിങ് വിവിധ വിമാനങ്ങളിലായി 4,500 മണിക്കൂറിലധികം സഞ്ചരിച്ചിട്ടുണ്ട്.
കാറ്റഗറി 'എ' ഫ്ലയിങ് ഇൻസ്ട്രക്‌ടറായ അദ്ദേഹം തൻ്റെ നീണ്ട സേവനത്തിൽ നിരവധി പ്രധാന കമാൻഡുകളും സ്റ്റാഫ് നിയമനങ്ങളും നടത്തിയിട്ടുണ്ട്. എല്‍സിഎ മാര്‍ക്ക്-1എ, എല്‍സിഎ മാര്‍ക്ക്2-2, എസ്‌യു-30എംകെഐ എന്നീ ഫ്ലൈറ്റിൻ്റെ നവീകരണം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വിമാന പദ്ധതികൾ ഇന്ത്യൻ എയർഫോഴ്‌സ് മുന്നോട്ട് കൊണ്ടുപോകുന്ന സമയത്താണ് തേജീന്ദർ സിങ്ങിന്‍റെയും അശുതോഷ് ദീക്ഷിത്തിന്‍റെയും പുതിയ നിയമനം.
Also Read: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു