ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്‌മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. കോൺഗ്രസുമായി യാതൊരു സഖ്യത്തിനും സാധ്യതയില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്‌മി ചർച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെജ്‌രിവാളിന്‍റെ വിശദീകരണം.
'ആം ആദ്‌മി പാർട്ടി ഈ തെരഞ്ഞെടുപ്പിനെ ഡൽഹിയിൽ സ്വന്തം ശക്തിയിൽ നേരിടും. കോൺഗ്രസുമായി ഒരു സഖ്യത്തിനും സാധ്യതയില്ല.' -എന്നാണ് കേജ്‌രിവാൾ എക്‌സിൽ പോസ്റ്റ് ചെയ്‌തത്. ഇന്ത്യൻ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായിട്ടും കോൺഗ്രസുമായുള്ള സഖ്യം എഎപി നേതാവ് തള്ളിക്കളയുന്നത് ഇതാദ്യമല്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം തവണയും സഖ്യമുണ്ടാക്കില്ലെന്ന് കേജ്‌രിവാൾ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
2015 മുതൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി അധികാരത്തിലുണ്ട്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡൽഹിയില്‍ ബിജെപിക്ക് സ്വാധീനം ചെലുത്താനാകുമോ എന്നതും നിര്‍ണായകമാണ്. 26 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യാ ബ്ലോക്ക്, തലസ്ഥാനത്ത് ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ കെജ്‌രിവാളിൻ്റെ നിലപാട് ഐക്യത്തിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്കയുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുൻപ് ഡൽഹിയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. ബിജെപി എല്ലാ സീറ്റുകളിലും വിജയിച്ചത് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു കക്ഷികളും ഒന്നിക്കുമെന്നാണ് കരുതിയിരുന്നത്.
അതേസമയം അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രസ്‌താവനയെ അംഗീകരിച്ചിരിക്കുകയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്. എഎപിയുമായി സഖ്യം ഉണ്ടാകില്ലെന്നും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ 70 നിയമസഭാ സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ഒറ്റയ്ക്ക് നീങ്ങാനുള്ള തീരുമാനമെടുത്തത്. 70 സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒരു സഖ്യവും ഉണ്ടാകില്ലെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാട് ഇപ്പോൾ വളരെ വ്യക്തമാണെന്നും യാദവ് നേരത്തെ പറഞ്ഞിരുന്നു.
എഎപിയും കോൺഗ്രസും ബിജെപിയും അധികാരത്തിനായി മത്സരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം ഉണ്ടായേക്കുമെന്നതില്‍ സംശയമില്ല. 2015ലും 2020ലും നടന്ന കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഎപി യഥാക്രമം 67, 62 സീറ്റുകൾ നേടിയപ്പോൾ 70 അംഗ നിയമസഭയിൽ ബിജെപി മൂന്നും എട്ടും സീറ്റുകൾ നേടി. രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.
Read More: ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; നേരിട്ടത് സര്‍വകാല റെക്കോഡ് തകര്‍ച്ച!