അയോധ്യ : അയോധ്യയിൽ ഇന്ന് നടക്കുന്ന പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ ആരതി നടക്കുമ്പോൾ ആർമി ഹെലികോപ്റ്ററുകൾ പുഷ്‌പവൃഷ്‌ടി നടത്തും (Pran Pratishtha). 30 കലാകാരന്മാർ വിവിധ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കും. സംഗീതാർച്ചനയുടെ ഏതെങ്കിലും ഒരു സമയത്ത് എല്ലാവരും അവരുടെ വാദ്യങ്ങൾ ഒരുമിച്ച് വായിക്കുകയും ചെയ്യും.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീണ, പുല്ലാങ്കുഴല്‍, ഡോലക്ക്, അല്‍ഗോജ, സന്തൂര്‍, ഷെഹ്നായ്, നാഗസ്വരം, തവില്‍, മൃദംഗം സിത്താര്‍ എന്നിവയടക്കമുള്ള 50 വാദ്യ ഉപകരണങ്ങളാണ് മംഗള ധ്വനിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ അതിഥികൾക്കും ആരതി സമയത്ത് മുഴങ്ങുന്ന മണികൾ നൽകുമെന്നും ക്ഷേത്ര അധികാരികൾ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ 12 മണിക്ക് ശ്രീ രാംലല്ലയുടെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യത്തെ എല്ലാ പ്രധാന ആത്മീയ, മത വിഭാഗങ്ങളുടെയും പ്രതിനിധികളും പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കും. വിവിധ ഗോത്ര പ്രതിനിധികൾ ഉൾപ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരും പങ്കെടുക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിശിഷ്‌ട സമ്മേളനത്തെ അഭിസംബോധന ചെയ്യും. എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും അഭിജിത്ത് മുഹൂർത്തത്തിൽ പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുക.
121 ആചാര്യന്മാർ നേതൃത്വം നൽകുന്ന പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ ഏഴ് അധിവാസങ്ങളാണുള്ളത്. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ചടങ്ങിന്‍റെ പ്രധാന ആചാര്യൻ കാശിയിലെ ലക്ഷ്‌മീകാന്ത് ദീക്ഷിത് ആണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുറമെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്‍റെ സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പരമ്പരാഗത സന്യാസിമാർ, മഹാമണ്ഡലേശ്വരന്മാർ, മണ്ഡലേശ്വരന്മാർ, ശ്രീമഹന്തുകൾ, മഹന്തുകൾ, നാഗാസ്, 50-ലധികം ആദിവാസികൾ, ഗിരിവാസികൾ, തത്വവാസികൾ, ദ്വിപാവാസി ഗോത്രങ്ങൾ തുടങ്ങി നാനാതുറകളിലെയും ആളുകൾ പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും. മലമുകളിലും വനങ്ങളിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും ജീവിക്കുന്ന ജനപ്രതിനിധികൾ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരുമിച്ച് സംവദിക്കുന്നത്.
പാരമ്പരാഗതരായ ശൈവ, വൈഷ്‌ണവം, ശാക്ത, ഗണപത്യ, പാട്യ, സിഖ്, ബൗദ്ധ, ജൈന, ദഷ്‌നം, ശങ്കർ, രാമാനന്ദ്, രാമാനുജ്, നിംബർക്ക, മാധ്വ, വിഷ്‌ണു നാമി, രാംസനേഹി, ഗിസപന്ത്, ഗരീബ്‌ദാസി, ഗൗഡിയ, കബീർപന്തി, വാല്‌മീകി, ശങ്കർദേവ്, മാധവ് ദേവ്, ഇസ്‌കോൺ, രാമകൃഷ്‌ണ മിഷൻ, ചിന്മയ മിഷൻ, ഭാരത് സേവാശ്രമം സംഘ, ഗായത്രി പരിവാർ, അനുകുൽ ചന്ദ്ര, താക്കൂർ പരംപാറ, ഒഡീഷയിലെ മഹിമ സമാജ്, അകാലി, നിരങ്കരി, പഞ്ചാബിൽ നിന്നുള്ള നാംധാരി, രാധസോമി, സ്വാമിനാരായണൻ, വർക്കരി, വീരശൈവ, തുടങ്ങിയവരും രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ അയോധ്യയിൽ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷം ഉദ്‌ഘാടനത്തിനുസാക്ഷിയായ എല്ലാവർക്കും യഥാക്രമം ദർശനം നടത്താൻ സാധിക്കും.