ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകം; തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാ രഞ്ജിത്ത് - Pa Ranjith on Armstrong Murder - PA RANJITH ON ARMSTRONG MURDER
ദലിത് നേതാക്കൾക്ക് വാഗ്‌ദാനം ചെയ്‌ത നീതിയും സുരക്ഷയും എവിടെയെന്ന് തമിഴ്‌നാട് സർക്കാരിനോട് സംവിധായകൻ പാ രഞ്ജിത്ത്.
Published : Jul 9, 2024, 1:25 PM IST
ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) സംസ്ഥാന അധ്യക്ഷനും ചെന്നൈ പെരമ്പൂർ സ്വദേശിയുമായ ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്‌ത സംവിധായകനും ആക്‌ടിവിസ്റ്റുമായ പാ രഞ്ജിത്ത്. കൊലപാതകത്തെ അപലപിച്ച രഞ്ജിത്ത് നിലവിലെ കേസന്വേഷണത്തിൽ നിരാശയും രേഖപ്പെടുത്തി. ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകം ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനുമാണ് ഇടയാക്കിയത്.
கோழைத்தனமான கொடூர படுகொலைக்கு ஆளான பகுஜன் சமாஜ் கட்சியின் மாநிலத் தலைவர் அண்ணன் திரு.ஆம்ஸ்ட்ராங் அவர்களின் திருவுடலை, சலசலப்பு பதற்றம் ஏதுமின்றி சட்டம் ஒழுங்கு பிரச்சனை நிகழாமல் நல்லடக்கம் செய்து விட்டோம். அண்ணன் இல்லாத, அவருக்குப் பிறகான இந்த வாழ்க்கையை அவர் கொண்ட கொள்கையான…
— pa.ranjith (@beemji) July 8, 2024
ഇതിനിടെയാണ് പ്രത്യക്ഷ വിമർശനവുമായി സംവിധായകൻ പാ രഞ്ജിത്തും രംഗത്തെത്തിയത്. കൊലപാതകത്തിൽ ഡിഎംകെ സർക്കാരിൽ നിന്ന് ഉത്തരം തേടുകയാണ് അദ്ദേഹം. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകരുടെ ഫലപ്രാപ്‌തിയെ ചോദ്യം ചെയ്‌ത സംവിധായകൻ കേസന്വേഷണവുമായി ബന്ധപ്പെട്ട പൊലീസിന്‍റെ സമീപനത്തെയും ചോദ്യം ചെയ്‌തു. എക്‌സിലൂടെ ആയിരുന്നു പാ രഞ്ജിത്തിന്‍റെ പ്രതികരണം.
കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിക്കാതെ കുറ്റവാളികളുടെ കുറ്റസമ്മതം സ്വീകരിക്കാനുള്ള തീരുമാനത്തെ അദ്ദേഹം വിമർശിച്ചു. "ഇങ്ങനെയാണോ നമ്മൾ ഡോ. ബാബാസാഹേബ് അംബേദ്‌കറുടെ പാരമ്പര്യത്തെ ആദരിക്കുന്നത്?. ദലിത് നേതാക്കൾക്ക് വാഗ്‌ദാനം ചെയ്‌ത നീതിയും സുരക്ഷയും എവിടെയാണ്?', തമിഴ്‌നാട്ടിലുടനീളമുള്ള ദലിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് ട്വീറ്റ് അവസാനിപ്പിച്ചത്.
പെരമ്പൂരിലെ വസതിക്ക് സമീപത്ത് വച്ച് ജൂലൈ 5നാണ് ഒരു സംഘം അജ്ഞാതര്‍ ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. ഇതിനിടെ ആംസ്ട്രോങ്ങിന്‍റെ സംസ്‌കാരവും വിവാദത്തിലായി.
ആംസ്ട്രോങ്ങിന്‍റെ മൃതദേഹം പെരമ്പൂരിൽ സംസ്‌കരിക്കാനുള്ള നീക്കം ഡിഎംകെ സർക്കാർ തടഞ്ഞു എന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സംസ്‌കാരം പോട്ടൂരിൽ നടത്താൻ സർക്കാർ നിർബന്ധിച്ചു എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതിനെയും രഞ്ജിത്ത് തൻ്റെ പോസ്റ്റിൽ അപലപിച്ചു. സാമൂഹിക നീതി എന്നത് വോട്ടിനുള്ള മുദ്രാവാക്യം മാത്രമാണോ എന്ന് അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്ടിൽ വോട്ട് ഉറപ്പിക്കാൻ ദലിത് പിന്തുണയെ വൻതോതിൽ ആശ്രയിക്കുന്നതും ഭരണകക്ഷിയെ രഞ്ജിത്ത് ഓർമിപ്പിച്ചു.
അതേസമയം തമിഴ്‌നാട്ടിലെ ദലിത് നേതാക്കന്മാരുടെയും സമുദായങ്ങളുടെയും സുരക്ഷയും അന്തസും ഉറപ്പാക്കാൻ വ്യവസ്ഥാപിത പരിഷ്‌കാരങ്ങൾക്കുള്ള ആഹ്വാനത്തിന് രഞ്ജിത്തിൻ്റെ തുറന്ന വിമർശനം ആക്കം കൂട്ടിയിരിക്കുകയാണ്. "ഭീരുത്വവും ക്രൂരവും" എന്ന് വിലയിരുത്തപ്പെടുന്ന കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ALSO READ: കൊല്ലപ്പെട്ട ബിഎസ്‌പി നേതാവ് ആംസ്‌ട്രോങ്ങിൻ്റെ മൃതദേഹം സംസ്‌കരിച്ചു