ഗുവാഹത്തി : ലോക്‌സഭ തെരഞ്ഞടുപ്പ് ആസന്നമായിരിക്കെ അസം കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (എപിസിസി) വര്‍ക്കിങ് പ്രസിഡന്‍റുമായ റാണ ഗോസ്വാമി പാര്‍ട്ടി വിട്ടു. എപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനവും, കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചതായി റാണ ഗോസ്വാമി അറിയിച്ചു. പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് പിന്നില്‍. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ് അദ്ദേഹം കത്തിലൂടെ രാജിക്കാര്യം അറിയിച്ചത്.
"അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്‍റ് സ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അംഗത്വവും രാജിവയ്ക്കുകയാണ്". റാണ ഗോസ്വാമി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് അയച്ച കത്തിൽ പറയുന്നു (Rana Goswami quit Congress). ന്യൂഡൽഹിയിൽ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം റാണ ഗോസ്വാമി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ബിജെപി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
റാണ ഗോസ്വാമിക്ക് താത്പര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാണ ഗോസ്വാമിയുടെ രാജി.“റാണ ഗോസ്വാമി അസമിലെ ശക്തനായ രാഷ്‌ട്രീയ നേതാവാണ്. മുമ്പ് ജോർഹട്ടിൽ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ പ്രകടനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്രയും ശക്തനായ ഒരു രാഷ്‌ട്രീയക്കാരൻ ബിജെപിയിൽ ചേർന്നാൽ അത് പാർട്ടിക്ക് കൂടുതൽ ശക്തി നൽകും. പാർട്ടിയിൽ ചേരാൻ താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു" - എന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്.
മാർച്ച് ആദ്യവാരം തന്നെ ഗുവാഹത്തി വാജ്‌പേയി ഭവനിൽ റാണ ഗോസ്വാമിയുടെ ബിജെപി പ്രവേശനം ഉണ്ടായേക്കും (APCC working President quit Congress).2006ലും 2011ലും ജോർഹട്ട് മണ്ഡലത്തിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021 ജൂലൈ 24 നാണ് റാണ ഗോസ്വാമി അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നത്.