അമരാവതി: കനത്ത മഴയും പ്രളയവും ആന്ധ്രാപ്രദേശില്‍ ജനജീവിതം നിശ്ചലമാക്കി. മരണസംഖ്യ 32 കടന്നു. 45,369 പേരെ മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
അല്ലൂരി, വിശാഖപട്ടണം, കാക്കിനഡ, കൊനസീമ, യാനം, പശ്ചിമ ഗോദാവരി, പൂര്‍വ ഗോദാവരി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രളയ ബാധിത ജില്ലകളായ കൃഷ്‌ണ, എന്‍ടിആര്‍, ഗുണ്ടൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കേന്ദ്രത്തില്‍ നിന്നുള്ള ഉന്നത തല തല സംഘം സന്ദര്‍ശനം നടത്തും.സംഘം പ്രളയ ബാധിത മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. വിജയവാഡയെ ആണ് പ്രളയം ഏറ്റവും അധികം ബാധിച്ചിട്ടുള്ളത്. 24 ജീവനുകളാണ് വിജയവാഡയില്‍ മാത്രം നഷ്‌ടമായത്. ഗുണ്ടൂരില്‍ ഏഴ് പേരും പല്‍നാട്ടില്‍ ഒരാളും മരിച്ചു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകന്‍ കെ പി സിങ്, കേന്ദ്ര ജല കമ്മീഷന്‍ മേധാവി സിദ്ധാര്‍ത്ഥ് മിത്ര തുടങ്ങിയവര്‍ കേന്ദ്ര സമിതിയിലുണ്ട്.
കനത്ത മഴയും ആന്ധ്രാപ്രദേശിന്‍റെ തീരദേശമേഖലയ്ക്ക് മേല്‍ ആഞ്ഞ് വീളുന്ന ചുഴലിക്കാറ്റുമാണ് കനത്ത പ്രളയത്തിനിടയാക്കിയത്. വന്‍തോതില്‍ കൃഷിനാശവും മറ്റ് നാശനഷ്‌ടങ്ങളുമുണ്ടായിട്ടുണ്ട്. റോഡ്, റെയില്‍പാതകളും കൃഷിയിടങ്ങളും വെള്ളക്കെട്ടുകളായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ നിത്യ ജീവിതം ആകെ താറുമാറായിരിക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
22 വൈദ്യുത സബ്സ്റ്റേഷനുകളും 3,973 കിലോമീറ്റര്‍ പാതയും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതായി വിവര-പൊതുസമ്പര്‍ക്ക വകുപ്പ് മന്ത്രി കൊലുസു പാര്‍ത്ഥസാരഥി പറഞ്ഞു.
78 കുളങ്ങളും തോടുകളും തകര്‍ന്നിട്ടുണ്ട്. 6,44,536 ജനങ്ങളെ കാണാതായിട്ടുണ്ട്. 193 ദുരിതാശ്വാസ ക്യാമ്പുകളിലായി 42,707പേര്‍ ഉണ്ട്. 50 എന്‍ഡിആര്‍എഫ്, എസ്‌ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തുണ്ട്. ആറ് ഹെലികോപ്‌ടറുകളും 228 ബോട്ടുകളും ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തുണ്ട്. 317 നീന്തല്‍വിദഗ്ദ്ധരും രംഗത്തുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാനുള്ള അക്കൗണ്ട് നമ്പറുകളും മന്ത്രി പുറത്ത് വിട്ടിട്ടുണ്ട്.
Bank Account Numbers for Donations:
1. State Bank Of India:
A/C No: 38588079208
CMRF, SBI Branch, AP Secretariat
SBI IFSC Code: SBIN0018884
2. Union Bank Of India:
A/C No: 110310100029039
CMRF, UBI Branch, AP Secretariat
UBI IFSC Code: UBIN0830798
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തകര്‍ന്ന വാഹനങ്ങള്‍ക്കും മറ്റുമുള്ള ഇന്‍ഷ്വറന്‍സ് തുക പത്ത് ദിവസത്തിനകം കൊടുത്ത് തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. റാമോജി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.