അമരാവതി : കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രാപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. വിജയവാഡയിലുണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേര്‍ മരിച്ചത്. മഴ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
മഴബാധിത മേഖലകളില്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഴക്കെടുതികളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി മുതല്‍ ആന്ധ്രാപ്രദേശിന്‍റെ വിവിധയിടങ്ങളില്‍ മഴ തുടരുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്‌ച രാവിലെ എട്ടരവരെ വിജവാഡയില്‍ മാത്രം പതിനെട്ട് സെന്‍റിമീറ്റര്‍ മഴ പെയ്‌തു. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എല്ലാ വകുപ്പുകളും അതീവജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
The CS “ASNA” moved westwards with a speed of 15 kmph during past 6 hours and lay centered at 1730 hours IST of 31 stAug, 2024 over central parts of North AE 500 km west of Naliya (Gujarat), 350 km W-SW of Karachi, 190 km S-SE of Pasni (Pakistan) and 580 km east of Muscat (Oman). pic.twitter.com/QYMi0a7FOH
— India Meteorological Department (@Indiametdept) August 31, 2024
കരകവിഞ്ഞൊഴുകുന്ന നദീതീരങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതമേഖലകളിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെയും മുന്നറിയിപ്പുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
വിജയവാഡയില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനായി നിരവധി സംഘങ്ങള്‍ രംഗത്തുണ്ടെന്ന് വിജയവാഡ മുനിസിപ്പില്‍ കമ്മിഷണര്‍ എച്ച് എം ധ്യാനചന്ദ്ര പറഞ്ഞു. നഗരത്തില്‍ 22 ഇടങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടായിട്ടുണ്ട്. നാല് സംഘങ്ങളാണ് വെള്ളം ഒഴുക്കിക്കളയാന്‍ രംഗത്തുള്ളത്.
ഗുണ്ടൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ ഉപ്പലപാഡില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ട് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു. സ്‌കൂള്‍ അധ്യാപകനായ രാഘവേന്ദ്രയും അദ്ദേഹത്തിന്‍റെ രണ്ട് ആണ്‍മക്കളായ സാത്വിക്, മാന്‍വിത് എന്നിവരുമാണ് മരിച്ചത്. വിജയവാഡയിലെ മുഗള്‍രാജപുരത്തുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വൈദ്യുത കമ്പികളും മരങ്ങളും മറ്റും വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയവാഡയിലും മച്ചിലി പട്ടണത്തും പതിനെട്ട് സെന്‍റിമീറ്റര്‍ മഴകിട്ടി. ഗുദൈവാഡ,കയ്‌കളരു, നരസാപുരം, അമരാവതി, മംഗലഗിരി നന്ദിഗമ, ഭിമാവര തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴയുണ്ടായി.
ബംഗാള്‍ ഉള്‍ക്കടലിന് മുകളിള്‍ ആന്ധ്രാപ്രദേശിന്‍റെ വടക്കും ദക്ഷിണ ഒഡിഷയുടെ തീരത്തിന് സമീപവുമായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങി ഇന്ന് അര്‍ധരാത്രിയോടെ കലിംഗ പട്ടണത്തേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അറബിക്കടലിലുണ്ടായ ന്യൂനമര്‍ദത്തിന്‍റെ ഫലമായി രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റിനെക്കുറിച്ചും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസ്‌നയുടെ പ്രഭാവം മൂലം ഗുജറാത്തിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. അസ്‌നയും 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ തീരം വിടുമെന്നാണ് വിലയിരുത്തല്‍.