ശ്രീനഗർ: ജമ്മു കശ്‌മീരിലെ അതിർത്തികളിൽ സമാധാനം നിലനിൽക്കുന്നത് മോദിയെ പാകിസ്ഥാൻ ഭയപ്പെടുന്നതിനാലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൂഞ്ചിലെ മെന്ധർ ഭാഗത്ത് ബിജെപിയുടെ മെഗാ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രതികരണം. ബിജെപി സ്ഥാനാർത്ഥി മുർതാസ ഖാന് പിന്തുണയുമായി എത്തിയതായിരുന്നു അമിത് ഷാ. മുൻ ഭരണാധികാരികൾ പാകിസ്ഥാനെ ഭയപ്പെട്ടിരുന്നവരാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്‌മീരിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കാനുള്ള ദൗത്യത്തിലാണെന്നും അമിത് ഷാ പറഞ്ഞു.
"1990 കളിലെ അതിർത്തി കടന്നുള്ള വെടിവെയ്‌പുകളെ കുറിച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. അതിർത്തി കടന്നുള്ള വെടിവെയ്പ്പ് ഇന്ന് നടക്കുന്നില്ല. ഇവിടെയുള്ള മുൻ ഭരണാധികാരികൾ പാകിസ്ഥാനെ ഭയപ്പെട്ടിരുന്നതിനാലാണ് ഈ സംഭവങ്ങൾ ഉണ്ടായത്. എന്നാൽ ഇപ്പോൾ പാകിസ്ഥാൻ മോദിയെ ഭയക്കുന്നു. അതിനാൽ അവർ വെടിയുതിർക്കാൻ ഒരിക്കലും ധൈര്യപ്പെടില്ല. പക്ഷേ അവർ ചെയ്യുകയാണെങ്കിൽ അതിന് ഉചിതമായ മറുപടി നൽകുന്നതായിരിക്കും" എന്നും അമിത് ഷാ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രധാനമന്ത്രി പറഞ്ഞ വാക്കുകളിൽ നിന്ന് കടം കൊണ്ട് ജമ്മു കശ്‌മീരിലെ പ്രാദേശിക പാർട്ടികൾക്കെതിരെയും കോൺഗ്രസിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനമുയർത്തി. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ജമ്മു കശ്‌മീരിൽ പഞ്ചായത്ത്, ഡിഡിസി, ബിഡിസി തിരഞ്ഞെടുപ്പുകൾ ഒരിക്കലും നടക്കില്ലായിരുന്നു. കോൺഗ്രസിൽ നെഹ്‌റു-ഗാന്ധി കുടുംബാധിപത്യമാണ്. മൂന്ന് കുടുംബത്തിൻ്റെയും ഭരണം അവസാനിപ്പിക്കാനുളള വിധിയായിരിക്കും ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പ് വിജയമെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളുടെ സുരക്ഷയ്ക്കായി ഞങ്ങൾ അതിർത്തികളിൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കും. യുവാക്കളുടെ കൈയിൽ തോക്കും കല്ലും കൊടുക്കുന്നതിന് പകരം ബിജെപി സർക്കാർ ലാപ്‌ടോപ്പാണ് നൽകുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ പര്യടനത്തിനെത്തിയ ഷാ, പൂഞ്ചിലെ സുരൻകോട്ട്, രജൗരി ജില്ലയിലെ താനമാണ്ഡി, രജൗരി, ജമ്മു ജില്ലയിലെ അഖ്‌നൂർ എന്നിവിടങ്ങളിലെ നാല് തെരഞ്ഞെടുപ്പ് റാലികളിൽ കൂടി പങ്കെടുക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും പഴയ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനും ശേഷം ജമ്മു കശ്‌മീരിൽ നടക്കുന്ന ആദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പാണിത്. അമിത് ഷാ റാലികളിൽ പങ്കെടുക്കുന്നതിലൂടെ പാർട്ടിയുടെ വിജയ സാധ്യത വർധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ 18 നായിരുന്നു കശ്‌മീരിലെ ആദ്യഘട്ട വോട്ടെടുപ്പ്. സെപ്റ്റംബർ 25ന് രണ്ടാം ഘട്ടവും ഒക്ടോബർ 1 ന് അവസാനഘട്ടവും നടക്കും. തെരഞ്ഞെടുപ്പ് ഫലം ഒക്ടോബർ 8ന് പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിക്കും ബിജെപിക്കും ഒരുപോലെ നിർണായകമായ തിരഞ്ഞെടുപ്പാണ് ഇത്.
Also Read: 'ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം, മത്സരം രണ്ട് ശക്തികള്‍ തമ്മില്‍': അമിത് ഷാ