ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ പി എയും ആം ആദ്‌മി പാർട്ടി പ്രവർത്തകനും അറസ്‌റ്റിൽ. സതീഷ് വൺസോള, ആർ ബി ബാരിയ എന്നിവരാണ് അറസ്‌റ്റിലായത്. അമിത് ഷായുടെ പ്രസംഗം തെറ്റായി ചിത്രീകരിച്ചതിനാണ് സൈബർ ക്രൈം പൊലീസ് ഇരുവരെയും പിടികൂടിയത്.
വ്യാജ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ചതിനാണ് അഹമ്മദാബാദ് സൈബർ സെൽ നടപടി എടുത്തത്. ഇരുവരും അഹമ്മദാബാദ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച ഇത്തരം വ്യാജ വീഡിയോകൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
അമിത് ഷായുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സംവരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പ്രസംഗത്തിന്‍റെ ഭാഗങ്ങളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഡല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ട്.