ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ മത്സരം നടക്കുന്നത് ബിജെപിയും കോൺഗ്രസും സഖ്യ കക്ഷിയായ നാഷണൽ കോൺഫറൻസും തമ്മിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 10 വർഷത്തിന് ശേഷമാണ് ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 15) കിഷ്ത്വറിൽ നടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരം രണ്ട് ശക്തികൾ തമ്മിലാണ്. ആർട്ടിക്കിൾ 370 കൊണ്ടുവന്നവരും ആർട്ടിക്കിൾ 370 റദ്ദാക്കിയവരും തമ്മിലുളള മത്സരം. ഒരു വശത്ത് പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്രയുടെയും ഡോ ശ്യാമ പ്രസാദ് മുഖർജിയുടെയും ആദർശങ്ങള്‍ പിന്തുടരുന്ന ബിജെപിയും മറുവശത്ത് കോൺഗ്രസും. 2 വിധാൻ, 2 പ്രധാൻ' (2 ഭരണഘടന, 2 പ്രധാനമന്ത്രി) എന്ന ആശയത്തിനെതിരെ ഞങ്ങൾ പോരാടിയപ്പോൾ നെഹ്‌റുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഞങ്ങളെ എതിര്‍ത്തു. മോദി 10 തവണ പ്രധാനമന്ത്രിയായാലും ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഫാറൂഖ് ജി പറഞ്ഞു. അങ്ങനെ ചെയ്‌താൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്നും മെഹബൂബ ജി പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു. ഒരു രാജ്യത്തിന് ഒരു പതാക, ഒരു നേതാവ്, ഒരു ഭരണഘടന എന്ന ആശയം നടപ്പിലാക്കുകയും ചെയ്‌തു. ഗുർജറുകളോടും പഹാഡികളോടും എനിക്ക് ചോദിക്കാനുളളത് ഇതാണ്, കഴിഞ്ഞ 70 വർഷമായി ആർട്ടിക്കിൾ 370 നിങ്ങൾക്ക് എന്താണ് നൽകിയത്?.
ആർട്ടിക്കിൾ 370 നിലനിന്നിരുന്നത് കാരണം ഗുർജറുകൾ, പഹാഡികൾ, ദലിതർ, സ്ത്രീകൾ എന്നിവർക്ക് സംവരണത്തിൻ്റെ ആനുകൂല്യം ഇതുവരെ ലഭിച്ചില്ല. ഗുർജാർ വിഭാഗത്തിന്‍റെ സംവരണത്തില്‍ മാറ്റം വരുത്താതെ പ്രധാനമന്ത്രി പഹാരികൾക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ദളിതർക്കും സംവരണം ഉറപ്പാക്കി. 70 വർഷം കോൺഗ്രസ് ജമ്മു കാശ്‌മീർ ഭരിച്ചിട്ടും എന്തുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ല?. പ്രധാനമന്ത്രി മോദി 10 വർഷത്തിനുള്ളിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ജമ്മു കശ്‌മീരിലെ ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് മോദി ചെയ്‌തത്. അബ്‌ദുള്ളയുടെ മൂന്ന് തലമുറകൾ ഭരിച്ചിട്ടും ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് എപ്പോഴെങ്കിലും അഞ്ച് ലക്ഷം രൂപ വരെയുളള സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടോ?. മോദിജി എല്ലാവർക്കും അഞ്ച് ലക്ഷം രൂപ വരെയുളള സൗജന്യ ചികിത്സ നല്‍കി. അബ്‌ദുള്ളയുടെ മൂന്ന് തലമുറകൾ ഭരിച്ചിട്ടും ജമ്മു കശ്‌മീരില്‍ ആര്‍ക്കെങ്കിലും അഞ്ച് കിലോ അരി സൗജന്യമായി ലഭിച്ചിട്ടുണ്ടോ? മോദി എല്ലാ വീട്ടിലും സൗജന്യമായി അരി എത്തിച്ചു.
എല്ലാ വീട്ടിലും വെള്ളം എത്തിക്കാനുളള എന്തെങ്കിലും നടപടി അബ്‌ദുള്ളയുടെ കുടുംബം ചെയ്‌തിട്ടുണ്ടോ?. 'ഹർ ഘർ മേ നാൽ സേ ജല്' എന്ന പദ്ധതിയുടെ ഭാഗമായി മോദി സര്‍ക്കാര്‍ എല്ലാ വീട്ടിലും വെളളം എത്തിക്കാനുളള നടപടി സ്വീകരിച്ചു. ബിജെപി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ജമ്മു, രജൗരി, പൂഞ്ച് എന്നീ മേഖലയുടെ വികസനം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. തീവ്രവാദ കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന എല്ലാവരെയും മോചിപ്പിക്കുമെന്ന് ഉറപ്പും ബിജെപി നല്‍കി.
അബ്‌ദുള്ളയും ഗാന്ധിയും മുഫ്‌തികളും പരാജയപ്പെട്ടാൽ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കശ്‌മീര്‍ താഴ്‌വരയില്‍ നിന്ന് പൂര്‍ണമായും തുടച്ച് നീക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കശ്‌മീരില്‍ തീവ്രവാദം നിലനില്‍ക്കുന്നതിന് അബ്‌ദുള്ളയുടെ കുടുംബത്തെ കുറ്റപ്പെടുത്തുകയും ഒമർ അബ്‌ദുള്ളയുടെ പിതാവിനെ ജയിലിലടക്കുകയും ചെയ്‌ത അതേ കോൺഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജയിക്കാൻ അവരുമായി സഖ്യമുണ്ടാക്കിയിരിക്കുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സെപ്‌റ്റംബര്‍ 18, സെപ്‌റ്റംബര്‍ 25, നവംബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും.