ശ്രീനഗർ: ഇത്തവണത്തെ അമർനാഥ് തീര്‍ഥാടനത്തിന് ഇന്ന് (ഓഗസ്റ്റ് 19) സമാപനം. ജൂൺ 29ന് ആരംഭിച്ച തീര്‍ഥ യാത്രയാണ് ഇന്ന് അവസാനിക്കുന്നത്. 52 ദിവസത്തിനുളളില്‍ അഞ്ച് ലക്ഷത്തോളം തീര്‍ഥാടകരാണ് ഗുഹാക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്.
അമർനാഥ് ക്ഷേത്രത്തിലേക്കുളള രണ്ട് പാതയിലും അതീവ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രദേശവാസികളുടെ സമ്പൂർണ സഹകരണത്തോടെയാണ് ഈ വർഷത്തെ യാത്ര പൂര്‍ത്തിയായത്. 'ബം ബം ഭോലെ' എന്ന മന്ത്രോച്ചാരണത്തോടെയുളള ക്ഷേത്രത്തിലേക്കുളള അവസാന യാത്ര പഞ്ച്തർണിയിൽ നിന്ന് ആരംഭിച്ചു. ശ്രാവണ പൂർണിമയോടനുബന്ധിച്ചാണ് യാത്ര അവസാനിക്കുക.
സമുദ്ര നിരപ്പിൽ നിന്ന് 3888 മീറ്റർ ഉയരത്തിലാണ് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഐസ് സ്റ്റാലാഗ്‌മൈറ്റ് ഘടനയാണ് ഗുഹാക്ഷേത്രത്തിന്‍റേത്. അത് ക്ഷേത്രത്തിലെ ശിവന്‍റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്.
തീർഥാടകർക്കായി ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ശ്രീ അമർനാഥ്ജി ദേവാലയ ബോർഡും (എസ്എഎസ്ബി) കേന്ദ്ര ഭരണ പ്രദേശവും നടത്തിയ മെച്ചപ്പെട്ട ക്രമീകരണങ്ങളിൽ സ്വാമി ദീപേന്ദ്ര ഗിരി നന്ദി അറിയിച്ചു. ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിയുടെ വീതി കൂട്ടിയത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചതോടെ തീർഥാടകരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായും സ്വാമി പറഞ്ഞു.