മുംബൈ: അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷണ ഘട്ടത്തിലെന്ന് സെബി. അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനം ഹിന്‍ഡെന്‍ബെര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കവെ സെബി മേധാവി മാധബി ബുച്ച് പുറത്ത് വിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കൃത്യസമയത്ത് പുറത്ത് വിടുമെന്നും അവര്‍ വ്യക്തമാക്കി. 26 അന്വേഷണങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ മാധബിയും ഭര്‍ത്താവ് ധാവലും വ്യക്തമാക്കിയിരുന്നു. സെബിയുടെ വിശ്വാസ്യത തകര്‍ക്കുകയും തന്നെ വ്യക്തിഹത്യ നടത്തുകയുമാണ് അവരുടെ ലക്ഷ്യമെന്നും ബുച്ച് ആരോപിച്ചു.
മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്‍റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നാണ് ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട്. അത് കൊണ്ടാണ് അദാനിക്കെതിരെ നടപടി കൈക്കൊള്ളാത്തത് എന്ന ആരോപണവും ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തി. അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളില്‍ സെബി അധ്യക്ഷയ്‌ക്കും നിക്ഷേപമുണ്ടെന്നാണ് ആരോപണം.
മൗറീഷ്യസ്, ബര്‍മുഡ രാജ്യങ്ങളിലാണ് മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുള്ളതെന്നാണ് ഹിൻഡൻബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന് രഹസ്യനിക്ഷേപങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 2023 ജനുവരിയിലായിരുന്നു യുഎസ് സ്ഥാപനം ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വിദേശ രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തി. ഇതിലൂടെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുകാണിച്ചു. ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികള്‍ ഈടുവച്ചാണ് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയതെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
ഹിൻഡൻബർഗിന്‍റെ പുതിയ റിപ്പോർട്ട് വന്നതിന് പിന്നാലെ കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും പഴിച്ച് ബിജെപി രംഗത്ത് എത്തി. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി വക്താവ് സുധാംശു ത്രിവേദിയും രൂക്ഷ വിമർശനമാണ് റിപ്പോര്‍ട്ടിനെതിരെ അഴിച്ച് വിട്ടത്. സെബിയ്ക്കെതിരെ ഹിൻഡൻബർഗും കോൺഗ്രസും ചേർന്ന് ഗൂഢ ലക്ഷ്യത്തോടെ ആക്രമണം നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ലോകത്തിലെ അതിവേഗം വളരുന്നതും ഏറ്റവും ശക്തമായതുമായ സാമ്പത്തിക സംവിധാനങ്ങളിലൊന്നിനെ അപകീർത്തിപ്പെടുത്താനും അസ്ഥിരപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയിൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കാനുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
Also Read: 'രാജ്യത്തിന്‍റെ വളർച്ച മന്ദഗതിയിലാക്കാൻ ശ്രമം'; ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ കോൺഗ്രസിനെ പഴിച്ച് ബിജെപി