സിലിഗുരി: ബംഗാൾ സഫാരി പാർക്കിലെ അക്ബര്‍-സീത സിംഹ ദമ്പതികളുടെ പേര് സൂരജ്-തനയ എന്ന് പുനർ നാമകരണം ചെയ്‌തു . പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്ന് അഡീ. അഡ്വ. ജനറൽ ജയ്‌ജീത് ചൗധരി പറഞ്ഞു. പേരുമാറ്റിയതോടെ വിവാദങ്ങളെല്ലാം മാറിയെന്ന ആശ്വാസത്തിലാണ് വനംവകുപ്പ്.
ത്രിപുരയിൽ നിന്ന് കൊണ്ടുവന്ന സിംഹ ദമ്പതികളുടെ പേരുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീർപ്പായി. ത്രിപുര സർക്കാരിനും ബന്ധപ്പെട്ട മൃഗശാല അതോറിറ്റിക്കും സിംഹ ദമ്പതികളുടെ പേര് നൽകിയിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു.
സിംഹങ്ങൾക്ക് പേരിടേണ്ടതില്ലാത്തതിനാൽ വിവാദമില്ലെന്ന് വനം മന്ത്രി ബിർബഹ ഹൻസ്‌ദ പറഞ്ഞു. ഈ പേര് ത്രിപുര സർക്കാരാണ് നൽകിയത്. അത് കോടതിയിൽ തെളിയിച്ചു. ഫെബ്രുവരി 12ന് ത്രിപുരയിലെ ബിഷാൽഗഡിലുള്ള സിപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് സിംഹ ദമ്പതികളായ അക്ബറിനെയും സീതയെയും ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.
2016ൽ ത്രിപുരയിലെ സിപാഹിജാല മൃഗശാലയിലാണ് അക്ബർ ജനിച്ചതെന്ന് മൃഗശാല അധികൃതർ പറഞ്ഞു. മൃഗശാലയിൽ പിതാവ് ദുഷ്മന്തും അമ്മ ചിന്മയിയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിപിഎമ്മിലെ അന്നത്തെ ത്രിപുര വനം മന്ത്രി നരേഷ് ജമാതിയയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് 70കളിലെ സിനിമാ പേര് അമർ, അക്ബർ, ആന്‍റണി എന്ന് നല്‍കിയത്. ആ കുഞ്ഞുങ്ങളിൽ അക്ബറിനെയാണ് ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്.
ത്രിപുര മൃഗശാലയില്‍ 2018ലാണ് സീത ജനിച്ചത്. പിന്നീട് അക്ബർ സീതയുമായി അടുപ്പത്തിലായി. 2023 ല്‍ അനിമൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ത്രിപുരയിൽ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാൻ സെൻട്രൽ മൃഗശാല അതോറിറ്റി അനുമതി നൽകി. പരിശോധനയില്‍ മൃഗങ്ങളുടെ കൈമാറ്റത്തിന്‍റെ കാര്യത്തിൽ അക്ബറും സീതയും മികച്ച ദമ്പതികളാണെന്ന് വിലയിരുത്തി. അനുമതി പ്രകാരം ഫെബ്രുവരി 12 ന് ത്രിപുരയിൽ നിന്ന് റോഡ് മാർഗം സിംഹ ദമ്പതികൾ ബംഗാൾ സഫാരിയിലെത്തി.
അക്ബറും സീതയും സഫാരിയിൽ എത്തിയതോടെ പേരിനെ ചൊല്ലി തർക്കം ഉടലെടുത്തു. സംസ്ഥാന സർക്കാരിനെതിരെ ഒരു സംഘടന കേസ് ഫയൽ ചെയ്‌തു. തുടർന്ന് അഡീ. അഡ്വ. ജനറൽ ജയ്‌ജീത് ചൗധരി കേസിൽ സംസ്ഥാനത്തിന്‍റെ നിലപാട് വ്യക്തമാക്കി. വാദം കേട്ട ശേഷം ജൂലൈയിൽ കേസ് തീർപ്പാക്കി. പിന്നാലെ സിംഹങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തു.