ന്യൂഡൽഹി: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ഇസ്രായേലിന്‍റെ തലസ്ഥാനമായ ടെൽ അവിവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളാണ് റദ്ദാക്കിയത്. ടാറ്റ സർവീസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ ദേശീയ തലസ്ഥാനത്ത് നിന്ന് ടെൽ അവീവിലേക്കുള്ള സർവീസുകൾ ഓഗസ്‌റ്റ് 8 മുതൽ റദ്ദാക്കിയിരുന്നു.
'മിഡിൽ ഈസ്‌റ്റിന്‍റെ ചില ഭാഗങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ടെൽ അവിവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഞങ്ങൾ റദ്ദാക്കി. മാത്രമല്ല അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുകയാണ്' - എയർലൈൻ എക്‌സിൽ കുറിച്ചു. അതേസമയം യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഹമാസ് രാഷ്‌ട്രീയകാര്യ മേധാവി ഇസ്‌മയില്‍ ഹനിയെയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് മിഡിൽ ഈസ്‌റ്റിൽ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നത്. പശ്ചിമേഷ്യയില്‍ തുടരുന്ന അനിശ്ചിതത്വത്തിനിടെ മറ്റ് വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍റ്റ എയര്‍ലൈന്‍സിന്‍റെ ന്യൂയോര്‍ക്കിനും ടെല്‍ അവീവിനും ഇടയിലുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
മിഡിൽ ഈസ്‌റ്റ് സംഘർഷത്തെത്തുടർന്ന് ഈ വർഷമാദ്യവും എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഏകദേശം അഞ്ച് മാസത്തിന് ശേഷം, മാർച്ച് 3 നാണ് ഇസ്രായേൽ നഗരത്തിലേക്കുള്ള സർവീസ് പുനരാരംഭിച്ചത്. ഇസ്രായേൽ നഗരത്തിന് നേരെ ഹമാസ് ഗ്രൂപ്പിന്‍റെ ആക്രമണത്തെത്തുടർന്ന് 2023 ഒക്‌ടോബർ 7 മുതലാണ് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നത്.
Also Read: ധാക്കയിലേക്ക് പ്രത്യേക വിമാനവുമായി എയര്‍ ഇന്ത്യ; 205 പേരെ ഡല്‍ഹിയില്‍ എത്തിച്ചു