മുംബൈ : മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയെ തുടർന്ന് റദ്ദാക്കിയ വിമാനങ്ങളുടെ ബുക്കിങ് ഫണ്ട് തിരികെ നല്‍കുമെന്ന് എയര്‍ ഇന്ത്യ. റീഫണ്ട് അല്ലെങ്കില്‍ ഒറ്റത്തവണ കോംപ്ലിമെന്‍ററി റീഷെഡ്യൂളിങ് നല്‍കാമെന്ന് കമ്പനി അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാരോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു.
മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് ചില വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്. https://airindia.com/in/en/manage/flight-status.html എന്ന ലിങ്കില്‍ ഫ്ലൈറ്റ് സറ്റാറ്റസ് പരിശോധിക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചയായി മുംബൈയിൽ കനത്ത മഴയാണ്.
തീരപ്രദേശത്തുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ മുംബൈ പൊലീസ് നിര്‍ദേശം നൽകി. ആവശ്യമെങ്കിൽ മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് നിർദേശിച്ചു. മഹാരാഷ്‌ട്രയിലെ കൊങ്കൺ മേഖലയിലെ താനെ, പാൽഘർ, റായ്‌ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മുംബൈയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്.
Also Read : മുംബൈയില്‍ കനത്തമഴ: വെള്ളക്കെട്ട് രൂക്ഷം; അന്ധേരി സബ് വേ വെള്ളത്തിനടിയില്‍ - Heavy rain in mumbai