ഹൈദരാബാദ് (തെലങ്കാന) : നരേന്ദ്ര മോദി അല്ലാതെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ അസദുദ്ദീൻ ഒവൈസി. 'എനിക്ക് വരുംവരായ്‌കകളെ കുറിച്ചോ സാധ്യതകളെ കുറിച്ചോ പറയാനാകില്ല. മോദിക്ക് പകരം മറ്റൊരാൾക്ക് പ്രധാനമന്ത്രിയാകാൻ അവസരമുണ്ടെങ്കിൽ ഞങ്ങൾ അവരെ പിന്തുണയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഞാൻ പറഞ്ഞിരുന്നു' -എന്ന് അസദുദ്ദീൻ ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇത്രയധികം സീറ്റുകൾ ലഭിക്കാൻ പാടില്ലായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഒവൈസി പ്രതികരിച്ചു. 'രാജ്യത്തുണ്ടായിരുന്ന അന്തരീക്ഷമനുസരിച്ച് ബിജെപിക്ക് ഇത്രയും സീറ്റുകൾ പോലും ലഭിക്കാൻ പാടില്ലായിരുന്നു. ഞങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ അവർക്ക് 150 സീറ്റുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളു. അങ്ങനെ ബിജെപിയെ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് നമുക്ക് തടയാമായിരുന്നു. പൊതുജനങ്ങൾ പോലും ഇത് ആഗ്രഹിച്ചു, പക്ഷേ വിജയിച്ചില്ല' -അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
'ഒരു കാര്യം വ്യക്തമാണ്, രാജ്യത്ത് ഒരു മുസ്ലീം വോട്ട് ബാങ്കും ഉണ്ടായിരുന്നില്ല, ഒരിക്കലും ഉണ്ടാകില്ല,' -അസദുദ്ദീൻ ഉവൈസി പറഞ്ഞു. 'യുപിയിൽ തങ്ങൾ അദൃശ്യരാണെന്ന് അവർ കരുതി, പക്ഷേ ആരും അജയ്യരല്ല, പ്രധാനമന്ത്രി മോദി ഊന്നുവടിയുടെ സഹായത്തോടെ സർക്കാരിനെ നയിക്കുമോ?' എന്ന് അദ്ദേഹം ചോദിച്ചു.
ഉത്തർപ്രദേശിലെ ഇസിഐ പ്രവണതയും ഫലവും അനുസരിച്ച്, എസ്‌പി (SP) 37 പാർലമെൻ്റ് മണ്ഡലങ്ങളിൽ വിജയിച്ചു, ബിജെപി 33 മണ്ഡലങ്ങളിൽ വിജയിച്ചു, കോൺഗ്രസ് 6 സീറ്റുകൾ നേടി.
ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിൽ 3,38,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി വിജയിച്ചത്. 6,61,981 വോട്ടുകൾ നേടിയ ഒവൈസി 3,23,894 വോട്ടുകൾ നേടിയ ബിജെപിയുടെ മാധവി ലതയെ പരാജയപ്പെടുത്തി.
തൻ്റെ പാർട്ടിക്ക് ചരിത്രവിജയം സമ്മാനിച്ചതിന് അസദുദ്ദീൻ ഒവൈസി ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. ഹൈദരാബാദ്, പ്രത്യേകിച്ച് യുവാക്കൾ, സ്ത്രീകൾ, കന്നി വോട്ടർമാർ എന്നിവർ എഐഎംഐഎം പാർട്ടിക്ക് ചരിത്ര വിജയം സമ്മാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് മണ്ഡലത്തിൽ ബിജെപി ആദ്യമായാണ് ഒരു വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്.