ചെന്നൈ: കള്ളക്കുറിച്ചി വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭ അസാധാരണ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ചോദ്യോത്തര വേള തുടങ്ങുമ്പോഴാണ് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ അണ്ണാ ഡി എം കെ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റത്. അമ്പതാളുകള്‍ കൊല്ലപ്പെട്ട കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത് സ്പീക്കര്‍ അംഗീകരിച്ചില്ല. ചോദ്യോത്തര വേള പൂര്‍ത്തിയാക്കിയ ശേഷം ശൂന്യ വേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ എം അപ്പാവു അറിയിച്ചു.
വഴങ്ങാതെ അണ്ണാ ഡി എം കെ അംഗങ്ങള്‍ ബഹളം തുടരുന്നതിനിടയിലാണ് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷാംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ റൂളിങ്ങ് നല്‍കിയത്.ഇതനുസരിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് അണ്ണാ ഡി എം കെ അംഗങ്ങളെ സഭയില്‍ നിന്ന് ബലം പ്രയോഗിച്ച് നീക്കി. രാവിലെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് അണ്ണാ ഡിഎം കെ അംഗങ്ങള്‍ സഭാ സമ്മേളനത്തിനെത്തിയത്. അണ്ണാ ഡി എംകെ അംഗങ്ങളെ പുറത്താക്കാന്‍ ഉത്തരവ് നല്‍കിയ സ്പീക്കര്‍ ഒരു ദിവസത്തെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അണ്ണാ ഡി എംകെ അംഗങ്ങളെ വിലക്കി.
എന്നാല്‍ താന്‍ ഇത്തരം നടപടികള്‍ക്കെതിരാണെന്നും നിയമസഭാ നടപടികള്‍ ജനാധിപത്യ മര്യാദകളനുസരിച്ച് നടക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു.താനും മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുമൊക്കെ ഈ അഭിപ്രായക്കാരാണെന്നും സ്റ്റാലിന്‍ പറഞ്ഞു. നാടകം അവസാനിപ്പിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭാ നടപടികളില്‍ പങ്കെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇതോടെ സ്പീക്കര്‍ റൂളിങ്ങ് തിരുത്തി പ്രതിപക്ഷാംഗങ്ങള്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാമെന്ന റൂളിങ്ങ് നല്‍കുകയായിരുന്നു. എന്നാല്‍ അണ്ണാ ഡി എംകെ അംഗങ്ങള്‍ ഉടനെ സഭയിലേക്ക മടങ്ങിയെത്തിയില്ല. ഡിഎംകെ സര്‍ക്കാര്‍ ജനാധിപത്യം കശാപ്പു ചെയ്യുകയാണെന്ന് സഭയ്ക്ക് പുറത്ത് എടപ്പാടി പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
2002 ല്‍ കടലൂര്‍ ജില്ലയില്‍ 52 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തമുണ്ടായപ്പോള്‍ യാതൊരു നടപടിയുമെടുക്കാന്‍ തയാറാവാത്തവരാണ് ഇപ്പോള്‍ കള്ളക്കുറിച്ചി ദുരന്തത്തിന്‍റെ പേരില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ ആക്ഷേപമുന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. അതിശക്തമായ നടപടി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ വിശദീകരിച്ചു.
Also Read: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം : കലക്‌ടര്‍ക്ക് സ്ഥലംമാറ്റം, എസ്‌പിക്ക് സസ്‌പെന്‍ഷന്‍