ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഇത് വരെ സഖ്യം ഉണ്ടാക്കാതെ തമിഴ്‌നാട്ടിലെ പ്രധാന പാർട്ടിയായ എഐഎഡിഎംകെ (അണ്ണാ ഡിഎംകെ) . 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും, 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ചേർന്ന് പോരാടിയ അണ്ണാ ഡിഎംകെ 2023 ല്‍ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് മെഗാ സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഇത് യാഥാര്‍ത്ഥ്യമായിട്ടില്ല.
പുതിയ തമിഴകം', 'പുറതു ഭാരതം' എന്നിങ്ങനെയുള്ള ചില ചെറുകിട പാർട്ടികള്‍ അല്ലാതെ തെരഞ്ഞെടുപ്പിനെ എഐഎഡിഎംകെക്ക് മറ്റ് വലിയ സഖ്യകക്ഷികളില്ല. എന്നാൽ പ്രബലരായ വണ്ണിയർ സമുദായത്തിൻ്റെ രാഷ്ട്രീയ വിഭാഗമായ പിഎംകെയുമായി പാർട്ടി സഖ്യത്തിലേർപ്പെടുമെന്ന് ചില വൃത്തങ്ങൾ സൂചന നല്‍കുന്നു.
എന്നാൽ കഴിഞ്ഞ രണ്ടാഴ്‌ചയായി അണ്ണാ ഡിഎംകെ സഖ്യം വേണോ ബിജെപി സഖ്യം വീണോ എന്ന കാര്യത്തിൽ പിഎംകെയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തില്‍ പിഎംകെ സ്ഥാപക നേതാവായ ഡോ. എസ് രാമദോസിനും മകനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ഡോ. അൻബുമണി രാമദോസിനും ഇടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സംസ്ഥാനത്തെ ദീർഘകാല രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് എഐഎഡിഎംകെയുമായുള്ള സഖ്യത്തിനാണ് ഡോ.എസ്.രാമദോസ് മുൻഗണന നൽകുന്നതെങ്കിലും, പുതിയ കേന്ദ്രമന്ത്രിസഭയിൽ അംഗമാക്കുമെന്ന വാഗ്‌ദാനങ്ങളുള്ളതിനാൽ രാമദോസ് ബിജെപിയുമായി അടുക്കാനാണ് ബന്ധത്തിനാണ് ശ്രമിക്കുന്നത്.
അന്തരിച്ച തമിഴ് സൂപ്പർതാരം വിജയകാന്തിന്‍റെ പാർട്ടിയായ ഡിഎംഡികെയെ കൂട്ടുപിടിക്കാനും അണ്ണാ ഡിഎംകെ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പിഎംകെയെപ്പോലെ ഡിഎംഡികെയും ബിജെപിയുമായി ചർച്ചയിലാണ്. പാർട്ടി ജനറൽ സെക്രട്ടറിയായ വിജയകാന്തിന്‍റെ ഭാര്യ പ്രേമലത വിജയകാന്ത് ഇക്കാര്യത്തില്‍ എഐഎഡിഎംകെയുമായും പിഎംകെയുമായും ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Also read : 'ഡിഎംകെ തമിഴകത്തിന്‍റെ ശത്രു' ; കടന്നാക്രമിച്ച് പ്രധാനമന്ത്രി
തമിഴ്‌നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് ഒരുമാസം മാത്രം ബാക്കിനിൽക്കെ നാമനിർദേശ പത്രികകൾ സമർപ്പിക്കാനുള്ള തീയതി മാർച്ച് 20ന് ആരംഭിച്ച് 27ന് അവസാനിക്കും. പ്രചാരണത്തിന് ഇനി 17 ദിവസം മാത്രമാണ് ബാക്കിയുള്ളത്.