ന്യൂഡൽഹി : ബെംഗളൂരു രാമേശ്വരം കഫേ സഫോടനം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ സ്ലീപ്പർ സെല്‍ അംഗങ്ങള്‍ നടത്തിയതാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തിന്‍റെ രീതി സ്ലീപ്പർ സെല്ലുകളുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നതെന്ന് അന്വേഷണ ഏജൻസിയുമായി അടുത്ത വൃത്തങ്ങൾ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി.
എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്ത ഉടനെ പിഎഫ്ഐയുടെ വടക്കൻ തെലങ്കാന സെക്രട്ടറി അബ്‌ദുല്‍ സലീമിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തിരുന്നു.സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാള്‍ കൂടി ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
സംഭവത്തിൽ സ്ലീപ്പർ സെല്ലുകളുടെ പങ്കാളിത്തം പരാമർശിച്ചുകൊണ്ട് , വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടപ്പിലാക്കുന്നതിന് തീവ്രവാദ സംഘടനകൾ അവലംബിക്കുന്ന തന്ത്രങ്ങളാണ് സ്ലീപ്പർ സെല്ലുകളും ലോൺ വുൾഫ് ആക്രമണകാരികളും സ്വീകരിക്കുന്നതെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിക്കുമ്പോള്‍ ആക്രമണത്തിന്‍റെ ഉത്ഭവവും രൂപകൽപ്പനയും കണ്ടു പിടിക്കുക പ്രയാസമാണ്.
'ആക്രമണത്തിന് നിര്‍ദേശം ലഭിക്കുന്നതു വരെ സ്ലീപ്പർ സെല്ലുകൾ നിര്‍ജീവമായിരിക്കും. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ വ്യക്തികളായോ ചെറു ഗ്രൂപ്പുകളായോ തീര്‍ത്തും സംശയത്തിനിടയാക്കാതെ സമൂഹത്തില്‍ ജീവിക്കും. സിഗ്നലുകൾ ലഭിച്ചാൽ മാത്രമേ ഇവര്‍ സജീവമാകൂ.'-ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണം ആസൂത്രണം ചെയ്യുന്ന കേന്ദ്രം ഒരു സ്ഥലം തിരഞ്ഞെടുക്കുകയും തുടർന്ന് ഒരു രക്തസാക്ഷിയെ തയ്യാറാക്കുകയും ചെയ്യും. ഹാൻഡ്‌ലർമാർ ലക്ഷ്യം നടപ്പിലാക്കാന്‍ ആവശ്യമായ സ്‌ഫോടക വസ്‌തുക്കളെത്തിക്കും മാർഗള്‍ പറഞ്ഞുകൊടുക്കുകയും അയാളെ പഠിപ്പിക്കുകയും ചെയ്യും. അതിനാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് അന്വേഷണ ഏജൻസികൾക്ക് ബുദ്ധിമുട്ടാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പലപ്പോഴും 30 വയസില്‍ താഴെയുള്ള തൊഴില്‍ രഹിതരായ പുരുഷന്മാരും ക്രിമിനലുകളുമാണ് സ്ലീപ്പർ സെല്ലിൽ അംഗങ്ങളാവാറുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ലീപ്പർ സെല്ലിലെ ഭൂരിഭാഗം അംഗങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായതിനാല്‍ രാമേശ്വരം ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രതിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
സ്ഫോടനത്തില്‍ പിഎഫ്ഐയുടെ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചതായുള്ള സംശയം ശക്തമാണെന്ന് പ്രശസ്‌ത സുരക്ഷാ വിദഗ്ധൻ ബ്രിഗേഡിയർ (റിട്ട) ബി കെ ഖന്നയും ചൂണ്ടിക്കാട്ടി.
'രാമേശ്വരം ബോംബ് സ്‌ഫോടനക്കേസില്‍ സ്ലീപ്പർ സെല്ലുകൾ ഉപയോഗിച്ചിരിക്കാം. കാരണം ഇത്തരം സാഹചര്യങ്ങളില്‍ ആക്രമണം നടത്തിയ സംഘടനയോ വ്യക്തിയോ രഹസ്യാന്വേഷണ ഏജൻസികളുടെ റഡാറിന് കീഴിൽ വരില്ല.'- ഖന്ന പറഞ്ഞു. സ്ലീപ്പര്‍ സെല്ലുകള്‍ക്ക് പണം ആവശ്യമാണ് എന്നതിനാല്‍ അത്തരത്തിലുള്ളവരെ എളുപ്പത്തിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read :രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര