ഖത്തിമ (ഉത്തരാഖണ്ഡ്) : ഭരണഘടന ശില്‍പി ബി ആര്‍ അംബേദ്ക്കറിന്‍റെ ജന്മദിനത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു. നൈനിറ്റാള്‍ ലോക്‌സഭ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ധമി അംബേദ്ക്കറിന് ആദരമര്‍പ്പിച്ചത്.
നിരവധി പേര്‍ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 നിയമസഭ തെരഞ്ഞെടുപ്പില്‍ പൊതുസിവില്‍ കോഡ് കൊണ്ടുവരുമെന്ന വാഗ്‌ദാനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ അവതരിപ്പിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അനുഗ്രഹത്തോടെ തങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ പൊതുസിവില്‍ കോഡ് ബില്‍ പാസാക്കുകയും മോദിയുടെ വാഗ്‌ദാനം പാലിക്കുകയും ചെയ്‌തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴിതാ ഈ നിയമം രാജ്യം മുഴുവനും നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു. പൊതുസിവില്‍ നിയമം രാജ്യത്ത നടപ്പാക്കുമെന്നും പ്രകടന പത്രിക ഉറപ്പ് നല്‍കുന്നു. ഉത്തരാഖണ്ഡില്‍ നിന്നുത്ഭവിച്ച പൊതു സിവില്‍കോഡിന്‍റെ ഗംഗാപ്രവാഹം രാജ്യത്ത് എല്ലാ മുക്കിലും മൂലയിലുമെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം വട്ടവും മോദിയെ പ്രധാനമന്ത്രിയാക്കാന്‍ ജനങ്ങള്‍ തങ്ങളുടെ പങ്ക് നിര്‍വഹിച്ചു. നിങ്ങളുടെ ഓരോ വോട്ടും ബിജെപിക്ക് നാനൂറിലേറെ സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കും.
മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ കഴിഞ്ഞ പത്ത് വര്‍ഷമാണ് രാജ്യം എല്ലാ അര്‍ഥത്തിലും പുരോഗതിയിലേക്ക് കുതിച്ചത്. മോദിയുടെ രണ്ടാം ഭരണകാലത്താണ് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത്. മൂന്നാം വട്ടം അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ന് ശേഷം രാജ്യത്തിന്‍റെ സുവര്‍ണകാലം ആരംഭിച്ചു. നമ്മുടെ രാജ്യം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. പല ചരിത്ര തീരുമാനങ്ങളും മോദിയുടെ നേതൃത്വത്തില്‍ നാം കൈക്കൊണ്ടു. കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കി, പൗരത്വ നിയമം നടപ്പാക്കി, മുത്തലാഖില്‍ നിന്ന് മുസ്ലീം സഹോദരിമാരെ രക്ഷപ്പെടുത്തി, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡിനെ വികസിത-സ്വയം പര്യാപ്‌ത സംസ്ഥാനമാക്കാനുള്ള പ്രയാണത്തിലാണ്. പല ചരിത്ര തീരുമാനങ്ങളും നമ്മുടെ സംസ്ഥാന താത്‌പര്യത്തിന് വേണ്ടി കൈക്കൊണ്ടു. കലാപങ്ങള്‍ ഇല്ലാതാക്കാനായി മത പരിവര്‍ത്തന നിയമവും കലാപ വിരുദ്ധ നിയമവും നടപ്പാക്കി. സര്‍ക്കാര്‍ ജോലിയില്‍ വനിതകള്‍ക്ക് മുപ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തി. ആഗോള നിക്ഷേപക ഉച്ചകോടി വിജയകരമായി ഡെറാഡൂണില്‍ സംഘടിപ്പിച്ചു.
ഉത്തരാഖണ്ഡിലെ ജനതയ്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ ഊന്നല്‍ നല്‍കിയാണ് ഇത്തരത്തിലൊരു ഉച്ചകോടി ഇവിടെ നടത്തിയത്. ജി20യുടെ മൂന്ന് യോഗങ്ങളും വിജയകരമായി സംഘടിപ്പിച്ചു.
പാവങ്ങളുടെ ക്ഷേമത്തിനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ പ്രതിപക്ഷം എപ്പോഴും സ്വജന പക്ഷപാതത്തിനും ജാതീയതയ്ക്കും ആണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വരുന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്‍റെ 'കുടുംബം ഒന്നാമതും' ഭരണപക്ഷത്തിന്‍റെ 'രാഷ്‌ട്രം ഒന്നാമതും' തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അഴിമതി തുടച്ച് നീക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം മോദിയെ നീക്കുന്നതിനെക്കുറിച്ച് പറയുന്നു. പ്രതിപക്ഷം കൊള്ളസംഘ സഖ്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതായി പ്രിയങ്ക പറഞ്ഞു. തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കോപ്പി മാഫിയക്കെതിരെ നിയമം കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ തന്നെ ഇത്തരമൊരു നിയമം തങ്ങള്‍ കൊണ്ടുവന്നുവെന്ന് പ്രിയങ്ക മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിലവില്‍ വന്നതോടെ സംസ്ഥാനത്ത് പരീക്ഷകള്‍ സുതാര്യമായി കൃത്യമായി നടക്കുന്നു. സംസ്ഥാനത്ത് കോപ്പി മാഫിയയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നു. പ്രതിപക്ഷം ചെയ്‌ത തെറ്റുകള്‍ തിരുത്താനാണ് തങ്ങളുടെ ശ്രമം. കോണ്‍ഗ്രസ് എപ്പോഴും അഴിമതിയെ സംരക്ഷിക്കുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അഴിമതിയോട് യാതൊരു വിട്ടുവീഴ്‌ചയും കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്‍റേത് അഴിമതിയുടെ കറുത്ത കയ്യാണ്. ഉത്തരാഖണ്ഡിനെ പിന്നോട്ട് നടത്താനാണ് അവരുടെ എപ്പോഴത്തെയും ശ്രമം. കോണ്‍ഗ്രസും അവരുടെ നേതാക്കളും ദേവഭൂമിക്കും ഈ രാജ്യത്തിനും ദുരന്തമാണ്. കോണ്‍ഗ്രസിന് വോട്ടിലൂടെ കനത്ത തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ ഈ അവസരം ഉപയോഗിക്കണം. കോണ്‍ഗ്രസ് ഉത്തരാഖണ്ഡിനെയും ഈ രാജ്യത്തെയും പതിറ്റാണ്ടുകളായി വഞ്ചിച്ചു.
ഒരു മകനെന്ന നിലയില്‍ ഖത്തിമയുടെ വികസനമാണ് തന്‍റെ മുന്‍ഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. നൈനിറ്റാള്‍ ഉധം സിങ് നഗര്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഉത്തരാഖണ്ഡിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിനായി ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഈ മാസം 19നാണ് ഇവിടെ വോട്ടെടുപ്പ്.