ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും പ്രശസ്‌ത ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ അബ്‌ദുല്‍ കലാമിനോടുള്ള ബഹുമാനാര്‍ഥം എല്ലാ വർഷവും ഒക്ടോബർ 15 ന് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നു. രാജ്യത്തെ വിദ്യാര്‍ഥികളെയും യുവാക്കളെയും സ്വപ്‌നം കാണാൻ പഠിപ്പിച്ച കലാമിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസം, ശാസ്ത്രം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ രാജ്യത്തുടനീളം പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 15 ലോക വിദ്യാർഥി ദിനമായി ആചരിക്കാൻ തുടങ്ങിയത്.
വിദ്യാർഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനും ശാസ്ത്രജ്ഞനുമായിരുന്നു കലാം. കുട്ടികളുമായി ഇടപഴകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട പ്രവർത്തനങ്ങളിലൊന്ന്. ഇതിനായി അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു, സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും സന്ദർശിച്ചിരുന്നു, വിവിധ പരിപാടികളിലും അഭിമുഖങ്ങളിലുമായി വിദ്യാർഥികളുടെ എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി, വലിയ സ്വപ്‌നങ്ങൾ കാണാൻ വിദ്യാര്‍ഥികളെ അദ്ദേഹം പ്രേരിപ്പിച്ചു.
വിദ്യാര്‍ഥികളുമായുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഹൃദയസ്‌പർശിയായ നിമിഷങ്ങളായി ഓർമിക്കപ്പെടുന്നു. അധ്യാപനത്തിലൂടെ തന്നെ ലോകം ഓർക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയിലും വിദേശത്തുമായി 48 സർവകലാശാലകളിൽ നിന്ന് ഓണററി ഡോക്‌ടറേറ്റുകൾ കലാം സ്വന്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശാസ്‌ത്ര രംഗത്തും നിരവധി സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹം വിക്ഷേപണ വാഹനം എസ്എൽവി 3 യുടെ (SLV3) പ്രൊജക്റ്റ് ഡയറക്‌ടറായിരുന്നു കലാം. പിന്നീട് ഡിആര്‍ഡിഒയുടെ ഇന്‍റഗ്രേറ്റഡ് ഗൈയ്‌ഡഡ് മിസൈല്‍ പ്രോഗ്രാമിന്‍റെ തലപ്പത്തെത്തി. അഗ്നി, പൃഥ്വി ഉൾപ്പെടെയുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതികൾ യാഥാർഥ്യമാക്കിയത് കലാമായിരുന്നു.
1992- 99 കാലത്താണ് പൊക്രാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നത്. പൊക്രാന്‍ 2 ആണവ പരീക്ഷണത്തിന് നേതൃത്വം നല്‍കിയതും കലാമായിരുന്നു. ഇന്ത്യയെ ആണവശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചത് പൊക്രാൻ 2 ആയിരുന്നു. അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് മാത്രമാണ് അന്ന് ആണവശക്തി ഉണ്ടായിരുന്നത്.
ഇന്ത്യയുടെ ആണവശക്തി ലോകം അറിഞ്ഞത് കലാമിലൂടെയായിരുന്നു. ഇന്ത്യയുടെ ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിയായിരുന്ന കലാമിനെ മിസൈല്‍മാൻ എന്നും വിശേഷിപ്പിച്ചിരുന്നു. രാജ്യത്തിന് വേണ്ടി കലാം നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 1981ൽ പത്മഭൂഷൺ, 1990ൽ പത്മവിഭൂഷൺ, 1997ൽ ഭാരതരത്നയും നല്‍കി അദ്ദേഹത്തെ ആദരിച്ചു.