ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിയിലേക്ക് ഇലക്‌ടറൽ ബോണ്ട് വഴി പണം നൽകിയെന്ന് മന്ത്രി അതിഷി ആരോപിച്ചു. റെഡ്ഡി ബിജെപിക്ക് 4.5 കോടി രൂപയാണ് ആദ്യം കൈമാറിയത്.
ഇതുകൂടാതെ പിന്നീട് 55 കോടി രൂപ കൂടി ഇയാള്‍ ബിജെപിയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇഡിയെയും താന്‍ വെല്ലുവിളിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇഡി അറസ്റ്റ് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയ തലസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി അതിഷി.
എഎപി നേതാക്കള്‍ യാതൊരു തരത്തിലുള്ള പണമിടപാടുകളും നടത്തിയതായി കണ്ടെത്തിയിട്ടില്ല. മദ്യനയ അഴിമതിയെന്ന കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇഡി, സിബിഐ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. അന്വേഷണത്തില്‍ ആരോപിക്കപ്പെടുന്ന പണം എവിടെ നിന്നാണ് ലഭിച്ചതെന്നോ ആ തുക എവിടെ പോയെന്നോ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
പണം എവിടെ പോയെന്ന ചോദ്യമാണ് വീണ്ടും വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആംആദ്‌മി പാര്‍ട്ടിയുടെ ഒരു നേതാവില്‍ നിന്നോ മന്ത്രിയില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ പണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അവരാരും ഇത്തരമൊരു കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് യാതൊരു തെളിവുകളും ഇതുവരെയും കണ്ടെത്തിയിട്ടില്ല.
ഒരാളുടെ വാക്കിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. 'ശരത് ചന്ദ്ര റെഡ്ഡി എന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് കേസിൽ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. അദ്ദേഹം അരബിന്ദോ ഫാർമയുടെ ഉടമയാണ്.
2022 നവംബർ 9ന് ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ വിളിപ്പിച്ചിരുന്നു. 'ഞാൻ ഒരിക്കലും അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്നും ആം ആദ്‌മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും' അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തെയും ഇഡി അറസ്റ്റ് ചെയ്‌തു.
എന്നാല്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം അദ്ദേഹം മൊഴി മാറ്റി. താൻ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയെന്നും എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ജാമ്യവും ലഭിച്ചു. എന്നാല്‍ പണം എവിടെയെന്നോ പണത്തിന്‍റെ ഉറവിടം എവിടെയെന്നോ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നും മന്ത്രി അതിഷി പറഞ്ഞു.