ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടക്കുന്ന ഗൂഢാലോചനകള്‍ പുറത്ത് വന്നതായി എഎപി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിന് ഇടക്കാല ജാമ്യം കിട്ടിയതിന് പിന്നാലെയാണ് എഎപിയുടെ പ്രതികരണം.
അതേസമയം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡിയില്‍ തുടരുന്നതിനിടെ സിബിഐ ആം ആദ്‌മി പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ തുടരേണ്ടി വരും. സുപ്രീം കോടതി വിധി സത്യത്തിന്‍റെ വിജയമാണെന്നാണ് ആം ആദ്‌മി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, സന്ദീപ് പതക് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
സത്യം ജയിക്കുമെന്ന് നേരത്തെ പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരുന്നു. ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിന് ജാമ്യം കിട്ടുമെന്ന് ബിജെപിക്ക് അറിയാമായിരുന്നു. അത് കൊണ്ട് സിബിഐയെക്കൊണ്ട് അവര്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ചുവെന്നും അതിഷി ആരോപിച്ചു. കെജ്‌രിവാള്‍ സത്യസന്ധനായിരുന്നു, സത്യസന്ധനാണ്, സത്യസന്ധനായി തുടരുമെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ ബിജെപി നടത്തുന്ന ഗൂഢാലോചനകള്‍ എല്ലാ കോടതികളും തുറന്ന് കാട്ടും.
കോടതി ഉത്തരവ് ചരിത്രപരമാണെന്നായിരുന്നു രാജ്യസഭാംഗം പതക് പ്രതികരിച്ചത്. ബിജെപിയുടെ ഒരു സര്‍ക്കസ് ആണ് മദ്യ നയകേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ എടുത്തിരിക്കുന്ന മദ്യ നയക്കേസിലും കെജ്‌രിവാളിന് ജാമ്യം കിട്ടുമെന്ന് എഎപി പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്ന് മാസമായി കെജ്‌രിവാള്‍ തടവില്‍ കിടന്ന് ദുരിതമനുഭവിക്കുകയാണെന്നും പരമോന്നത കോടതി ജാമ്യം അനുവദിക്കവെ ചൂണ്ടിക്കാട്ടി.
Also Read: കേന്ദ്ര അന്വേഷണ ഏജൻസിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി