പനാജി: വിവിധ റാങ്കുകളുടെ നാമകരണം മാറ്റുന്നതിനായുള്ള അനുമതിയ്ക്കായി പ്രതിരോധ മന്ത്രാലയത്തെ സമീപിച്ച് നാവികസേന. സേനയിൽ ഇപ്പോൾ വനിതാ നാവികരും ഉള്ളതിനാലാണ് റാങ്കുകളുടെ പേരുമാറ്റത്തിന് അനുമതി തേടിയതെന്ന് നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരി കുമാർ അറിയിച്ചു. നാവികസേനയിലും ലിംഗ സമത്വത്തം നിലവിൽ വന്നിരിക്കുകയാണ്. അടുത്ത 30 - 35 വർഷത്തിനിടയിൽ സേനയ്ക്ക് ഒരു വനിതാ മേധാവിയെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് ഗോവയിലെ വെരെമിൽ നേവൽ വാർ കോളജിൻ്റെ പുതിയ അഡ്‌മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. " എല്ലാ റോളുകളും എല്ലാ റാങ്കുകളും ഞങ്ങൾ പിന്തുടരുന്നു. 30-35 വർഷത്തിനിടയിൽ ഒരു വനിതാ നാവികസേനാ മേധാവി നിങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,"- അഡ്‌മിറൽ പറഞ്ഞു.
നിലവിൽ നാവികസേനയിൽ ഒരു വനിതാ കമാൻഡിംഗ് ഓഫീസർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സേനയിലെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണ് ലീഡിംഗ് നാവികർ, നാവികർ ക്ലാസ് I, നാവികർ ക്ലാസ് II എന്നിങ്ങനെയുള്ള റാങ്ക് നാമകരണം മാറ്റുന്നതിന് പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചത്. സേനയിൽ ഇപ്പോൾ വനിതാ നാവികരും ഉള്ളതിനാലാണ് ഇത്തരമൊരു മാറ്റത്തിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സ്ത്രീകൾക്ക് സീ മെൻ ആകാൻ സാധിക്കില്ല. അവരെ നൗസൈനിക് ക്ലാസ് I എന്നോ നൗസൈനിക് ക്ലാസ് II എന്നോ പുനർനാമകരണം നടത്താനാണ് ശ്രമിക്കുകയാണ്. ഇതിലൂടെ ലിംഗ സമത്വം ഉറപ്പാക്കാൻ സാധിക്കും. കാരണം ഞങ്ങൾ ഇന്ത്യൻ സർക്കാരിൻ്റെ നയങ്ങൾ പിന്തുടരുന്നു. നാവികസേനയിലും "നാരി ശക്തി" എന്ന ആശയം പ്രവർത്തികമാക്കുകയാണെന്നും അഡ്‌മിറൽ കുമാർ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 1,124 വനിതാ നാവികരാണ് സേനയിൽ എത്തിയത്. അവർ എല്ലാവരും ഉടൻ തന്നെ കപ്പലിൽ ജോലിയിൽ പ്രവേശിക്കുമെന്നും ഹരി കുമാർ കൂട്ടിച്ചേർത്തു.