ബെംഗളൂരു: കൃഷിയിടത്തിലെ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. കര്‍ണാടക വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിനടുത്തുള്ള ലച്യാന ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസികളായ സതീഷ് മുജഗൊണ്ടയുടെയും, പൂജ മുജഗൊണ്ടയുടെയും മകൻ സാത്വിക് (2) ആണ് തങ്ങളുടെ തന്നെ കൃഷിയിടത്തിലെ കുഴൽക്കിണറിൽ വീണത്.
ബുധനാഴ്‌ച (03-04-2024) വൈകുന്നേരമാണ് സാത്വിക് കുഴൽക്കിണറിൽ വീണത്. ഇരുപത് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ ആണ് കുട്ടിയെ കുഴല്‍കിണറിന് പുറത്തെത്തിച്ചത്. ഇന്നലെ (03-04-2024) വൈകിട്ട് ആറുമണി മുതലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
കുട്ടിയുടെ മാതാപിതാക്കളായ സതീഷ് മുജഗൊണ്ടയും, പൂജ മുജഗൊണ്ടയും തങ്ങളുടെ നാലേക്കർ കൃഷി സ്ഥലത്ത് കരിമ്പും നാരങ്ങയും വളർത്തുന്നുണ്ടായിരുന്നു. കൃഷി ആവശ്യത്തിനായാണ് ഇവിടെ തന്നെ കുഴൽക്കിണർ കുഴിച്ചത്. ഈ കുഴൽക്കിണറിൽ അബദ്ധത്തിൽ കുട്ടി വീഴുകയായിരുന്നു.
ഇരുപത് അടി താഴ്‌ചയിലാണ് കുട്ടി കുടുങ്ങിയത്. താഴെ ഓക്‌സിജന്‍റെ അളവ് കുറവായതിനാല്‍ തന്നെ കുട്ടിയുടെ ശ്വാസോച്ഛ്വാസത്തിനായി രക്ഷാപ്രവര്‍ത്തകര്‍ ആദ്യം താഴേയക്ക് ഓക്‌സിജൻ എത്തിച്ചു. ശേഷം ഇരുപത് മണിക്കൂറിലധികം കഠിനമായ നീണ്ട പരിശ്രമത്തിലൂടെയാണ് കുട്ടിയെ പുറത്തെത്തിച്ചത്. ശേഷം ചികിത്സക്കായി കുട്ടിയെ പ്രദേശത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാത്വികിനെ ജീവനോടെ തിരിച്ച് ലഭിക്കാൻ പ്രാർഥിച്ച് പ്രദേശവാസികള്‍ ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും വഴിപാടുകളും നടത്തി. ലച്യാന ഗ്രാമത്തിലെ സിദ്ധപ്പ മഹാരാജാവിൻ്റെ ശ്രീകോവിലിൽ ആണ് ഗ്രാമത്തിലെ യുവാക്കൾ പൂജയും പ്രാർഥനയും നടത്തിയത്.