ന്യൂഡൽഹി: ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെന്‍റിന്‍റെ പരിധിയിൽ കൊണ്ടുവരുമെന്ന വാഗ്‌ദാനവുമായി സിപിഐ പ്രകടന പത്രിക. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിഷ്‌പക്ഷത ഉറപ്പാക്കുമെന്നും ഏജന്‍സികളുടെ മേലുള്ള ഭരണകൂടത്തിന്‍റെ ഇടപെടല്‍ അവസാനിപ്പിക്കുമെന്നും പ്രകടന പത്രിക പറയുന്നു.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം തുടങ്ങിയ ആശയങ്ങൾ ജനങ്ങൾക്കിടയിൽ പരിപോഷിപ്പിക്കാന്‍ സിപിഐ പോരാടുമെന്ന് പ്രകടന പത്രിക പ്രകാശനം ചെയ്‌ത ശേഷം ഡി രാജ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വർധിച്ചു വരുന്ന അസമത്വത്തിന് പരിഹാരം കാണുന്നതിനും, രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ സമത്വം നിലനിര്‍ത്തുന്നതിനായി സമ്പത്ത് നികുതി, അനന്തരാവകാശ നികുതി, കോർപ്പറേറ്റ് നികുതി തുടങ്ങിയ നികുതി നടപടികളില്‍ പരിഷ്‌കാരം കൊണ്ടു വരുമെന്ന് പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നു.
സംവരണത്തിന്‍റെ 50 ശതമാനം എന്ന ഏകപക്ഷീയമായ പരിധി എടുത്തുകളയാൻ രാഷ്‌ട്രീയമായും നിയമപരമായും പാർട്ടി പോരാട്ടം തുടരുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഡീലിമിറ്റേഷനും സെൻസസും സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കി വനിതാ സംവരണം ഉടൻ നടപ്പാക്കാൻ സിപിഐ ശ്രമിക്കും.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി ഉചിതമായ നയപരിപാടികൾ രൂപീകരിക്കാൻ ജാതി സെൻസസ് നടപ്പാക്കും. പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കാൻ സിപിഐ പ്രവർത്തിക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
തൊഴിലുറപ്പ് പദ്ധതിക്ക് അടിസ്ഥാന വേതനം 700 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആക്കി വർധിപ്പിക്കുന്നതിന് വേണ്ട പോരാട്ടം സിപിഐ തുടരും. രാജ്യത്തെ യുവാക്കളെ ചതിക്കുന്ന കരാർ അടിസ്ഥാനത്തിലുള്ള അഗ്നിപഥ് പദ്ധതി നിർത്തലാക്കണമെന്ന ആവശ്യം പാർട്ടി ഉന്നയിക്കും. പഴയ പെൻഷൻ പദ്ധതി പൂർണമായി പുനഃസ്ഥാപിക്കുമെന്നും സിപിഐ പ്രകടന പത്രികയിൽ പറയുന്നു.
ഗവർണർ വഴിയുള്ള കേന്ദ്രത്തിന്‍റെ ഇടപെടൽ ഒഴിവാക്കി ഫെഡറലിസം ശക്തിപ്പെടുത്താനുള്ള സമരം സിപിഐ ശക്തമാക്കുമെന്നും പാർട്ടി വ്യക്തമാക്കി. പ്രവേശന പരീക്ഷകൾ പോലുള്ള പ്രധാന നയപരമായ തീരുമാനങ്ങൾ എടുക്കാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് അധികാരം നൽകണം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വാതന്ത്ര്യം ഉറപ്പാക്കാനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനങ്ങളിലെ എക്‌സിക്യൂട്ടീവ് ഇടപെടൽ ഇല്ലാതാക്കാൻ പാർട്ടി ശ്രമിക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. രാജ്യത്തിന് ശാസ്‌ത്രീയ നയങ്ങൾ രൂപീകരിക്കാനായി നീതി ആയോഗ് പൊളിച്ച്, ആസൂത്രണ കമ്മീഷനെ പുനഃസ്ഥാപിക്കും.
എൻസിഇആർടിയിലും മറ്റ് പാഠ പുസ്‌തകങ്ങളിലും ബിജെപി കൊണ്ടുവന്ന യുക്തിരഹിതവും സാമുദായികവുമായ എല്ലാ മാറ്റങ്ങളെയും ഇല്ലാതാക്കും. പുതിയ വിദ്യാഭ്യാസ നയം (എൻഇപി) ഒഴിവാക്കി പകരം ജനോപകാരപ്രദമായ വിദ്യാഭ്യാസ മാതൃക രാജ്യമാകെ കൊണ്ടുവരും. വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ബിജെപിയുടെ എല്ലാ നടപടികളെയും പിൻവലിക്കുമെന്നും സിപിഐ പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നു.
തെരഞ്ഞെടുപ്പിൽ സിപിഐയെ ശക്തിപ്പെടുത്തുന്നതിനായി മതനിരപേക്ഷ, ജനാധിപത്യ, ജനപക്ഷ ബദലിനായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് സിപിഐ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ബ്രിട്ടീഷ് രാജിനെ പരാജയപ്പെടുത്തി, ഇപ്പോൾ രാജ്യത്തെയും നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഉപജീവനമാർഗത്തെയും രക്ഷിക്കാൻ ആർഎസ്എസ്-ബിജെപി രാജിനെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തേണ്ട സമയമാണിതെന്നും പാർട്ടി പറഞ്ഞു.
Also Read :