ഭുവനേശ്വര്‍ : ദന ചുഴലിക്കാറ്റ് മൂലം മാറ്റിപ്പാര്‍പ്പിച്ച 4,431 ഗര്‍ഭിണികളില്‍ 1600 പേര്‍ പ്രസവിച്ചതായി ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി. 5,84,888 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്ന് രാവിലെയോടെ ഇത് ആറ് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
6008 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഭക്ഷണം, മരുന്നുകള്‍, വെള്ളം തുടങ്ങി അവശ്യ സാധനങ്ങളെല്ലാം അവര്‍ക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാലസോര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. 172,916 പേരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. ഒരു ലക്ഷം പേരെ മയൂര്‍ഭഞ്ജില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഭദ്രാക്കില്‍ നിന്ന് 75000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ജാജ്‌പൂരില്‍ നിന്ന് 58000 പേരെയും കേന്ദ്രപാറയില്‍ നിന്ന് 46000 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
പത്ത് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം മാറിയതോടെ കുറച്ച് സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അതീവ വെല്ലുവിളികളുള്ള പ്രദേശത്ത് നിന്ന് വിജയകരമായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനായി. സംസ്ഥാനത്തെ സജ്ജീകരണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത്ഷായേയും ബോധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം കൈക്കൊണ്ടിട്ടുള്ള നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ സംതൃപ്‌തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കട്ടക് ജില്ലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ഒരു ഗര്‍ഭിണി ഇന്ന് പുലര്‍ച്ചെ നിയാലി ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. സായ് സ്വപ്‌ന ബെഹ്‌റ എന്ന സ്‌ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. എല്ലാവര്‍ക്കും ആവശ്യമായ എല്ലാ സഹായവും ആരോഗ്യ പരിരക്ഷയും നല്‍കാനായി ദുരന്ത നിവാരണ സേന രംഗത്തുണ്ട്.
അതേസമയം കര തൊട്ട ദന ഒഡിഷ തീരം പിന്നിട്ടെന്നാണ് റിപ്പോര്‍ട്ട്. ഭദ്രക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. പശ്ചിമ ബംഗാള്‍, ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റുണ്ട്. നിരവധി മരങ്ങള്‍ കടപുഴകിയതായും റിപ്പോര്‍ട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ഒഡിഷയില്‍ പതിനാറ് ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പുണ്ട്. രാവിലെ പതിനൊന്നരയോടെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി. പാരദീപിലെ ഡോപ്ലർ കാലാവസ്ഥാ റഡാറിൻ്റെ നിരന്തര നിരീക്ഷണത്തിലാണ് സാഹചര്യങ്ങള്‍. പത്തോളം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒഡിഷ റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി നേരത്തെ പറഞ്ഞിരുന്നു. 60 ബ്ലോക്കുകൾ, 2131 വില്ലേജുകൾ, 12 നഗര തദ്ദേശ സ്ഥാപനങ്ങൾ, വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ 55 വാർഡുകൾ എന്നിവ ഉൾപ്പെടുന്ന 10 ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പൂജാരി മാധ്യമങ്ങളോട് പറഞ്ഞത്.
Also Read: കര തൊട്ട് 'ദന'; ഒഡിഷയും ബംഗാളും അതീവ ജാഗ്രതയിൽ, സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി